Sheela Kurian: ‘ലിഫ്റ്റ് ചോദിച്ചു കയറി, കുറച്ചു ദൂരം കഴിഞ്ഞപ്പോൾ എന്നെ കയറിപ്പിടിച്ചു’; നിര്‍മാതാവില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഷീല കുര്യൻ
Sheela Kurian About Assault by a Producer: ഒരു ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ് പോകുന്ന സമയത്ത് സുഹൃത്തായ നിർമാതാവ് ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ ശേഷം തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഷീലയുടെ വെളിപ്പെടുത്തൽ.

ഷീല കുര്യൻ
സുഹൃത്തായ നിർമാതാവിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് നിർമ്മാതാവ് ഷീല കുര്യൻ. എല്ലാവരോടും വളരെ സൗഹൃദപരമായി പെരുമാറിയിരുന്ന തനിക്ക് ഒരു ഘട്ടത്തിൽ ഒരനുഭവം നേരിടേണ്ടി വന്നുവെന്ന് ഷീല പറയുന്നു. ഒരു ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ് പോകുന്ന സമയത്ത് സുഹൃത്തായ നിർമാതാവ് ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ ശേഷം തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് ഷീലയുടെ വെളിപ്പെടുത്തൽ. വൺ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അവർ.
ഒരു ജനറൽ ബോഡി മീറ്റിംഗ് കഴിഞ്ഞ് പോകുന്ന വഴിക്ക് തന്നോട് ഒരു നിർമാതാവ് ലിഫ്റ്റ് ചോദിച്ചുവെന്ന് ഷീല പറയുന്നു. സുഹൃത്തായതിനാലും ഒരേ റൂട്ടായതിനാലും താൻ കയറിക്കോളാൻ പറഞ്ഞു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ അയാളുടെ പെരുമാറ്റത്തിൽ എന്തോ മാറ്റം അനുഭവപ്പെട്ടു. നമ്മൾക്ക് മനസിലാകുന്നില്ലെന്ന ഭാവത്തോടെ അറിയാത്തപോലെ കൈയിലൊക്കെ തൊട്ടു. പിന്നീട് പെട്ടെന്ന് തന്റെ ശരീരത്തിലേക്ക് കടന്നു പിടിച്ചുവെന്നും ഷീല പറയുന്നു.
താൻ വാഹനം ഓടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. ഉടൻ തന്നെ ഒരു കാനയുടെ സൈഡിലേക്ക് ചേർത്ത് താൻ കാർ നിർത്തി. അയാൾ ഉടൻ ഇറങ്ങി പോയെന്നും ഷീല പറയുന്നു. അത് വല്ലാത്തൊരു സാഹചര്യമായിരുന്നു. തനിക്ക് അവിടെ നിന്ന് വീട്ടിൽ എത്തണമെങ്കിൽ ഇനിയും 40 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. അലറി കരഞ്ഞുകൊണ്ടാണ് ബാക്കി ദൂരം താൻ യാത്ര ചെയ്തതെന്നും ഷീല കുര്യൻ പറഞ്ഞു.
ALSO READ: ‘നിന്റെ ഭാഗത്താണ് ശരി; പക്ഷെ തനിക്ക് വേറെ നിവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞു’; സാന്ദ്ര തോമസ്
താൻ സിനിമാ മേഖലയിൽ നിന്ന് ആദ്യം പരിചയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്നു അയാൾ. പക്ഷെ അയാൾക്ക് തന്റെ ശരീരമായിരുന്നു ആവശ്യം. അതെനിക്ക് വല്ലാത്ത ഞെട്ടലുണ്ടാക്കി. 27 വയസ്സുള്ള ഒരു മകന്റെ അമ്മയാണ് താൻ. ഇത് രണ്ടുമൂന്ന് വർഷം മുമ്പാണ് സംഭവിച്ചത്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഓർക്കാൻ പോലും താത്പര്യമില്ലായിരുന്നു. അതുകൊണ്ട് സംഘടനയിൽ പരാതിപ്പെട്ടിരുന്നില്ലെന്നും ഷീല കൂട്ടിച്ചേർത്തു.
എന്നാൽ, സുരേഷ് കുമാറും ലിസ്റ്റിൻ സ്റ്റീഫനും അനീഷ് തോമസും രാകേഷും എല്ലാവരും ഉണ്ടായിരുന്നൊരു സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ പറയുന്നൊരു ജനറൽ ബോഡിയിൽ വെച്ച് ഈ വിഷയം പറയേണ്ട ഒരു സാഹചര്യമുണ്ടായി. അപ്പോൾ ലിസ്റ്റിൻ സ്റ്റീഫൻ ഒരിക്കലും പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞു. ‘ചേച്ചിയുടെ ഡ്രൈവിങ് ടെസ്റ്റ് ചെയ്തതാണ് അയാൾ’ എന്ന് പറഞ്ഞ് ലിസ്റ്റിൻ ഉൾപ്പടെയുള്ളവർ പരിഹസിച്ച് ചിരിച്ചുവെന്നും ഷീല കൂട്ടിച്ചേർത്തു.