Rapper Vedan: ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം; ഉത്തരവ് പ്രത്യേക ഉപാധികളോടെ
Rapper Vedan Gets Anticipatory Bail: യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വേടന് ജാമ്യം ലഭിച്ചത്.

Vedan
കൊച്ചി: ബലാത്സംഗക്കേസിൽ റാപ്പർ വേടന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സെപ്റ്റംബർ 9ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. യുവ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വേടന് ജാമ്യം ലഭിച്ചത്.
കേസുടുത്തതിന് പിന്നാലെ വേടൻ ഒളിവിൽ പോയിരുന്നു. അന്തിമ ഉത്തരവ് വരും വരെ വേടനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കോടതി നിർദേശം നൽകിയിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധമാണ് ഉണ്ടായതെന്നും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിന്റെ അടിസ്ഥാനത്തിൽ ആ ബന്ധം ബലാത്സംഗമെന്ന് വ്യാഖ്യാനിക്കുകയാണ് പരാതിക്കാരി എന്നുമാണ് വേടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
ബന്ധത്തിന്റെ തുടക്കത്തിൽ യുവതിയെ വിവാഹം കഴിക്കണമെന്ന് തന്നെയാണ് തീരുമാനിച്ചിരുന്നതെന്നും, എന്നാൽ പിന്നീട് ബന്ധം വഷളാവുകയായിരുന്നു എന്നും വാദിച്ചു. അതിനാൽ, അവർക്കിടയിൽ നടന്ന ലൈംഗിക ബന്ധം ബലാത്സംഗമാണെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് പ്രതിഭാഗം ചോദിച്ചു.
വിഷാദത്തിൽ ആയതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഈ വിഷാദത്തിലായിരുന്നു എന്ന് പറയുന്ന ഈ കാലയളവിൽ യുവതി ജോലി ചെയ്തിരുന്നുവെന്ന് വേടന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. നിയമപ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ മതിയെന്ന് അതിജീവിതയുടെ അഭിഭാഷകയോട് കോടതി വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വന്നതും ഫാൻസും പൊതുജനങ്ങളും പറയുന്നതും കോടതിയിൽ പറയരുതെന്നും കോടതി പറഞ്ഞു.
ALSO READ: വേടന് കുരുക്ക് മുറുകുന്നു, കൂടുതൽ ലൈംഗികാതിക്രമ പരാതികളുമായി യുവതികൾ; മുഖ്യമന്ത്രിക്ക് പരാതി നൽകി
മറ്റൊരു യുവതി നൽകിയ പീഡന പരാതിയിൽ വേടനെതിരെ പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്ത കാര്യവും അതിജീവിതയുടെ അഭിഭാഷക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇരുകൂട്ടരുടെയും വാദം പൂർത്തിയായതിന് പിന്നാലെ കേസിൽ വിധി പറയാൻ ഇന്നത്തേക്ക് കോടതി മാറ്റുകയായിരുന്നു. തുടർന്ന്, ഇന്ന് ഹൈക്കോടതി വേടന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.