Rapper Vedan: ‘ആളുകൾ വിചാരിക്കുന്നത് ഞാൻ എവിടെയോ പോയെന്നാണ്’; താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ
Rapper Vedan Response After A Long Time: ബലാത്സംഗക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാനിരിക്കെ പ്രതികരണവുമായി റാപ്പർ വേടൻ. താൻ എവിടെയും പോയിട്ടില്ലെന്നാണ് വേടൻ പ്രതികരിച്ചത്.

റാപ്പർ വേടൻ
താൻ എവിടെയും പോയിട്ടില്ലെന്ന് റാപ്പർ വേടൻ. ഒരുപാട് ആളുകൾ വിചാരിക്കുന്നത് താൻ എവിടെയോ പോയെന്നാണ്. എന്നാൽ, താൻ എവിടെയും പോകുന്നില്ലെന്നും വേടൻ പ്രതികരിച്ചു. കോന്നിയിലെ ഒരു സംഗീത പരിപാടിക്കിടെയാണ് വേടൻ്റെ പ്രതികരണം. ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാനിരിക്കുകയാണ്.
‘ഒരുപാട് ആളുകൾ വിചാരിക്കുന്നത് ഞാൻ എവിടെയോ പോയെന്നാണ്. എന്നാൽ, ഒരു കലാകാരൻ ഒരിക്കലും എവിടെയും പോകുന്നില്ല. ജനങ്ങൾക്കിടയിൽ ജീവിച്ചുമരിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.’- വേടൻ പറഞ്ഞു.
Also Read: Rapper Vedan: റാപ്പർ വേടൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; പത്ത് മണിയോടെ തൃക്കാക്കര സ്റ്റേഷനിലെത്തും
ചോദ്യം ചെയ്യലിനായി വേടൻ എന്ന ഹിരൺദാസ് മുരളി ഇന്ന് തൃക്കാക്കര സ്റ്റേഷനിലെത്തും. രാവിലെ പത്ത് മണിയോടെ തൃക്കാക്കര പോലീസ് സ്റ്റേഷനിലാവും എത്തുക. കേസിൽ നേരത്തെ ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നിൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഈ നിർദ്ദേശപ്രകാരമാണ് വേടൻ ചോദ്യം ചെയ്യലിന് ഹാജരാവുക.
രണ്ട് പീഡനപരാതികളിൽ ഒന്നിലാണ് വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. യുവ ഡോക്ടറെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു എന്നതാണ് കേസ്. സംഗീതഗവേഷകയായ യുവതി നൽകിയ ബലാത്സംഗ പരാതിയിൽ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ വേടൻ ജാമ്യം ലഭിച്ചതിന് ശേഷമാണ് ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുത്തത്. നിലവിൽ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.