Rapper Vedan: വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ; നാളെ ഇടുക്കിയിൽ താരത്തിന്റെ റാപ്പ് ഷോ
Rapper Vedan to Participate in Government Event: ഏപ്രിൽ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. അതിനിടയിലാണ് ഏപ്രിൽ 24ന് വേടനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും.

വേടൻ
ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടന് വീണ്ടും വേദി ഒരുക്കി സർക്കാർ. ഇടുക്കിയിൽ വെച്ച് നടക്കുന്ന ‘എൻ്റെ കേരളം’ പ്രദർശന മേളയിൽ വേടൻ പങ്കെടുക്കും. താരത്തിനെതിരെ കേസെടുത്തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ ഇടുക്കിയിലെ പരിപാടി നേരത്തെ റദ്ദ് ചെയ്തിരുന്നു. എന്നാൽ, രണ്ടു കേസിലും ജാമ്യം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ വേടന് വീണ്ടും വേദിയൊരുക്കുകയാണ് സർക്കാർ. നാളെ (മെയ് 5) വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വേടന്റെ റാപ്പ് ഷോ നടക്കും. വേടനെ പിന്തുണക്കുന്ന നിലപാടാണ് സിപിഎം നേതാക്കൾ ഉൾപ്പടെ സ്വീകരിച്ചിട്ടുള്ളത്.
ഏപ്രിൽ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയായിരുന്നു. അതിനിടയിലാണ് ഏപ്രിൽ 24ന് വേടനെ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്യുന്നതും പിന്നീട് പുലിപ്പല്ല് കേസിൽ ജയിലിലാവുന്നതും. താരം കഞ്ചാവ് കേസിൽ പിടിയിലായതോടെ ജില്ലാ ഭരണകൂടം പരിപാടി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് വേടൻ ജാമ്യത്തിലിൽ ഇറങ്ങിയതിന് പിന്നാലെ വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് അധികൃതരുടെ യോഗവും ചേരുന്നുണ്ട്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വേടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരനാണ് വേടനെന്നും താരത്തെ വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ഇക്കാര്യത്തിൽ തന്റെ നിലപാട് പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തമായി പാട്ടുകൾ എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അംഗീകാരം നേടിയ കലാകാരനാണെന്നും ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദലിത് വിഭാഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ് വേടൻ. വേടൻ്റെ പ്രത്യേകതയെ കൃത്യമായി നമ്മൾ മനസ്സിലാക്കണം. തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുമെന്നും പറഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടൽ എന്ന രീതിയിൽ സർക്കാരിൻ്റെ ഈ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് താരത്തെ വേട്ടയാടാനുള്ള ശ്രമം ഒരുതരത്തിലും കേരളീയ സമൂഹം അംഗീകരിക്കില്ല. കേരളത്തിൻ്റെ പരിരക്ഷ വേടനുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.