Vedan: ബലാത്സംഗക്കേസ്; വേടൻ ഇന്ന് ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകും
Rapper Vedan to Seek Anticipatory Bail: യുവ ഡോക്ടറുടെ പരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വേടനെതിരെ കേസെടുത്തത്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടാൻ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളി. ഇന്ന് (ഓഗസ്റ്റ് 1) തന്നെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ആണ് ശ്രമം. നടപടിക്രമങ്ങൾ പൂർത്തിയാവുകയാണെങ്കിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉച്ചയ്ക്ക് ശേഷം ജാമ്യാപേക്ഷ പരിഗണിക്കും.
യുവ ഡോക്ടറുടെ പരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വേടനെതിരെ കേസെടുത്തത്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പലയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നും, പിന്നീട് ബന്ധത്തിൽ നിന്നും താരം പിന്മാറിയെന്നുമാണ് പരാതി. പോലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി അറസ്റ്റ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് വേടൻ മുൻകൂർ ജാമ്യാപേക്ഷ തേടാൻ ഒരുങ്ങുന്നത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ പല ഇടങ്ങളിൽ എത്തിച്ച് വേടൻ പീഡിപ്പിച്ചുവെന്നാണ് യുവ ഡോക്ടറുടെ പരാതി. സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വച്ചാണ് ആദ്യം പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. 2023ലാണ് ബന്ധത്തിൽ നിന്നും വേടൻ പിന്മാറിയതെന്നും യുവതി മൊഴി നൽകി.
ALSO READ: ‘വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു’; വേടനെതിരെ ബലാത്സംഗ കേസ്
സ്വാർത്ഥയാണ് എന്നാരോപിച്ചായിരുന്നു ഒഴിവാക്കിയതെന്നും ഡോക്ടറുടെ മൊഴിയിലുണ്ട്. പലപ്പോഴായി താരത്തിന് 31,000 രൂപ നൽകിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഐപിസി 376 (2) (n) വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ വേടനെതിരെ മീ ടൂ ആരോപണവും ഉയർന്നിരുന്നു.
അതേസമയം, തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതിയുടെ പ്രതിയെന്ന് വേടൻ പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും വേടൻ വ്യക്തമാക്കി. ഇത് ആസൂത്രണ നീക്കമാണെന്നും, അതിന് തെളിവുകൾ ഉണ്ടെന്നും താരം പറഞ്ഞു.