JSK OTT : ജെഎസ്കെ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
JSK OTT Release & Platform : ഈ കഴിഞ്ഞ ജൂലൈ 17നാണ് ചിത്രം തിയറ്ററിൽ എത്തിയത്. സെൻസർ ബോർഡുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് സിനിമയുടെ റിലീസ് നീണ്ട് പോകുകയായിരുന്നു.
സെൻസർ ബോർഡുമായിട്ടുള്ള നിയമയുദ്ധത്തെ തുടർന്ന് ഏറെ ശ്രദ്ധേയമായ ചിത്രമാണ് സുരേഷ് ഗോപിയുടെ ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ജെഎസ്കെ. വിവാദങ്ങളെ തുടർന്ന് ശ്രദ്ധേയമായ ചിത്രം ജൂലൈ 17നാണ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ വിവാദങ്ങൾക്ക് പുറമെ ബോക്സ്ഓഫീസിൽ സുരേഷ് ഗോപി ചിത്രത്തിന് കാര്യമായ പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. ഇപ്പോഴിതാ ജെഎസ്കെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.
ജെഎസ്കെ ഒടിടി
സീ ഗ്രൂപ്പിൻ്റെ ഒടിടി പ്ലാറ്റ്ഫോമായ സീ5 ആണ് ജെഎസ്കെയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 14-ാം തീയതി സീ5-ൽ സംപ്രേഷണം ആരംഭിക്കുമെന്നാണ് ഒടിടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ഒടിടി പ്ലാറ്റ്ഫോമോ ജെഎസ്കെ സിനിമയുടെ അണിയറപ്രവർത്തകരോ നൽകിട്ടില്ല.
ജെഎസ്കെ സിനിമ
നവാഗതനായ പ്രവിൻ നാരായണനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. കോസ്മോസ് എൻ്റർടെയ്മെൻ്റ്സിൻ്റെ ബാനറിൽ ജെ ഫനിന്ദ്ര കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് ടൈറ്റിൽ വേഷത്തിലെത്തിട്ടുള്ള്. ഇരുവർക്കും പുറമെ ശ്രുതി രാമചന്ദ്രൻ, മാധന് സുരേഷ്, അസ്കർ അലി, ദിവ്യ പിള്ള, നന്ദനു, ബൈജു സന്തോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.




ജെസ്എകെ സിനിമ വിവാദം
നിരവധി തവണ റിലീസ് മാറ്റിവെച്ച ജെഎസ്കെ ജൂൺ മാസം അവസാനം തിയറ്റിൽ എത്തിക്കാൻ തീരുമാനം എടുത്തപ്പോഴാണ് വിലങ്ങു തടിയായി സെൻസർ ബോർഡ് രംഗത്തെത്തുന്നത്. കാരണം വ്യക്തമാക്കാതെ സെൻസർ ബോർഡ് സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കേറ്റ് നൽകിയില്ല. ഇത് ചോദ്യം ചെയ്ത് സിനിമയുടെ അണിയറപ്രവർത്തകർ കോടതി സമീപിച്ചപ്പോഴാണ് വാസ്തവം പുറംലോകം അറിയുന്നത്, സിനിമ സെൻസർ സർട്ടിഫിക്കേറ്റ് നിഷേധിച്ച് ചിത്രത്തിൻ്റെ പേരിനെ ചൊല്ലിയാണെന്ന്.
പുരാണത്തിലെ സീതാ ദേവിയുടെ മറ്റൊരു പേരായ ജാനകി എന്ന പേര് സിനിമയ്ക്ക് നൽകാനാകില്ലയെന്നും ഇത് മതവികാരത്തെ വൃണപ്പെടുത്തുമെന്നും അറിയിച്ചുകൊണ്ടാണ് സെൻസർ സർട്ടിഫിക്കേറ്റ് നിഷേധിച്ചതെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചു. തുടർന്ന് സിനിമയുടെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് മാറ്റിയാണ് റിലീസ് ചെയ്തത്.