Renji Panicker – Revathi: ഡബ്ള്യു.സി.സിയെ വിമർശിച്ചു; സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും രേവതിയും
Renji Panicker and Revathi Dispute: ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമയിൽ വേറെയും സംഘടനകൾ ഉണ്ടെന്നുമായിരുന്നു രഞ്ജി പണിക്കരുടെ വാദം.

രേവതി, രഞ്ജി പണിക്കർ
തിരുവനന്തപുരത്ത് നടക്കുന്ന സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും നടി രേവതിയും. ഡബ്ള്യു.സി.സിയെ രഞ്ജി പണിക്കർ വിമർശിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു രഞ്ജി പണിക്കരുടെ വാദം. സിനിമയിൽ ലിംഗസമത്വം അംഗീകരിക്കപ്പെട്ടത് ഡബ്ള്യുസിസിയുടെ നിലപാടുകൾ കാരണമാണെന്ന് രേവതിയും തിരിച്ചടിച്ചു. റിപ്പോർട്ടർ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഡബ്ള്യു.സി.സി മാത്രം മതിയെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സിനിമയിൽ ഫെഫ്ക ഉൾപ്പടെ വേറെയും സംഘടനകൾ ഉണ്ടെന്നുമായിരുന്നു രഞ്ജി പണിക്കർ കോൺക്ലേവിൽ പറഞ്ഞത്. ഇതിന് മറുപടിയായി സിനിമയിൽ ലിംഗസമത്വം അംഗീകരിക്കപ്പെട്ടതും വനിതകൾക്ക് പ്രാതിനിധ്യം കിട്ടിയതും ഡബ്ള്യു.സി.സിയുടെ ഇടപെടൽ കാരണമാണെന്ന് രേവതിയും തിരിച്ചടിച്ചു.
സിനിമ മേഖലയിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായി പുതിയ നയം രൂപീകരിക്കുന്നതിനുള്ള ചർച്ചയിൽ ആദ്യം ലിംഗസമത്വം സംബന്ധിച്ച വിഷയത്തിൽ ചർച്ച നടന്നിരുന്നു. അതിൽ നടി രേവതിയും രഞ്ജി പണിക്കരും ഉൾപ്പടെ പത്തോളം പേർ പങ്കെടുത്തു. ആ ചർച്ചയിലാണ് രഞ്ജി പണിക്കർ ഡബ്ല്യൂ.സി.സിയെ വിമർശിച്ചത്. ഇതോടെയാണ് എതിർപ്പുമായി രേവതി രംഗത്തെത്തിയത്. മലയാള സിനിമയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിച്ചതിനുള്ള അവസരം ഒരുങ്ങിയത് ഡബ്ള്യു.സി.സിയുടെ നിലപാട് കൊണ്ടാണെന്ന് പറഞ്ഞ രേവതി, ഇന്ന് വേദിയിൽ ഇത്രയേറെ വനിതകൾ ഇരിക്കുന്നതിന് പിന്നിലും ഡബ്ള്യു.സി.സിയാണെന്ന് വാദിച്ചു.
ALSO READ: ‘അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികൾ’; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായാണ് ദ്വിദിന കോൺക്ലേവ് സംഘടിപ്പിച്ചത്. കേരള നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചിലാണ് കോൺക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘടനം നിർവഹിച്ചത്. മോഹൻലാലും സുഹാസിനി മണിരത്‌നവും സമ്മേളനത്തിൽ മുഖ്യാതിഥികളായി. ചലച്ചിത്രമേഖലയുടെ വിവിധവശങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒന്‍പതോളം വിഷയങ്ങളിൽ ചർച്ച നടക്കും.