Sandra Thomas: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് കോടതിയിൽ
Sandra Thomas Approaches Court: എറണാകുളം സബ് കോടതിയിലാണ് താരം ഹർജി നൽകിയത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിച്ച് നിർമാതാവ് സാന്ദ്ര തോമസ്. എറണാകുളം സബ് കോടതിയിലാണ് താരം ഹർജി നൽകിയത്. ബൈലോ പ്രകാരം താൻ മത്സരിക്കാൻ യോഗ്യയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് വരണാധികാരിയെ നിയമിച്ചത് ബൈലോക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
പ്രൊഡ്യുസേർസ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കണമെങ്കിൽ മൂന്നിലേറെ സിനിമകൾ നിർമിക്കണമെന്നും സാന്ദ്ര തോമസ് രണ്ട് സിനിമകൾ മാത്രമേ നിർമിച്ചിട്ടുള്ളുവെന്നും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം സാന്ദ്ര തോമസിന്റെ രണ്ട് നാമനിർദേശ പത്രികകളും വരണാധികാരി തള്ളിയത്. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. സംഭവത്തിന് ശേഷം, താൻ കോടതിയെ സമീപിക്കുമെന്ന് താരം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചത്. എറണാകുളം സബ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രണ്ട് കാര്യങ്ങളാണ് സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടുന്നത്. ബൈലോ പ്രകാരം ഓഫീസ് സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സ്ഥിര അംഗമാവണം. ഒപ്പം തന്നെ മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റും വേണം. തൻറെ പേരിൽ മൂന്നിലേറെ സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ടെന്നും, അതിനാൽ താൻ മത്സരിക്കാൻ യോഗ്യയാണെന്നും, പത്രിക തള്ളിയ നടപടി സ്റ്റേ ചെയ്യണമെന്നുമാണ് സാന്ദ്രയുടെ ആദ്യത്തെ ആവശ്യം.
കൂടാതെ, തെരഞ്ഞെടുപ്പ് ചുമതല വരണാധികാരിയെ ഏൽപ്പിക്കുന്നത് ബൈലോയ്ക്ക് വിരുദ്ധമാണെന്നും സാന്ദ്ര ഹർജിയിൽ പറയുന്നു. നിയമ വിരുദ്ധമായിട്ട് പോലും, ഒരേ വരണാധികാരിയെ തന്നെ കഴിഞ്ഞ 20 വർഷത്തിലേറെയായി തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിക്കുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര ഹർജിയിൽ ചൂണ്ടികാണിക്കുന്നു.
എന്നാൽ, ഏത് തെരഞ്ഞെടുപ്പിനും വരണാധികാരി ഉണ്ടാകുമെന്നും സാന്ദ്ര തോമസിന് അറിവില്ലായ്മ ആണെന്നുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ വാദം. തെരഞ്ഞെടുപ്പിന് മുൻപ് സാന്ദ്രയുടെ ഹർജി കോടതി പരിഗണിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.