Sandra Thomas: ‘നിന്റെ ഭാഗത്താണ് ശരി; പക്ഷെ തനിക്ക് വേറെ നിവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞു’; സാന്ദ്ര തോമസ്
Sandra Thomas on Producers Association Rejection: തന്റെ നാമനിർദേശ പത്രിക തള്ളുമെന്ന് നേരത്തെ തന്നെ പറയുന്നത് കേട്ടു. ഇതിന്റെ സത്യാവസ്ഥ അറിയാനായി താൻ വരണാധികാരിയെ പോയി കണ്ടിരുന്നുവെന്ന് സാന്ദ്ര തോമസ് പറയുന്നു.

Sandra Thomas
പർദ്ദ ധരിച്ച് നോമിനേഷൻ കൊടുക്കാൻ പോയതിനെ കുറിച്ച് മനസുതുറന്ന് നിർമ്മാതാവ് സാന്ദ്ര തോമസ്. തന്റെ നിസ്സഹായവസ്ഥയിൽ നിന്നാണ് താൻ അത്തരമൊരു വേഷം ധരിച്ച് നോമിനേഷൻ കൊടുക്കാൻ പോയതെന്ന് സാന്ദ്ര പറയുന്നു. തനിക്ക് മത്സരിക്കാൻ യോഗ്യത ഉണ്ടെന്ന് വരണാധികാരി അംഗീകരിച്ചിട്ടും തന്റെ നാമനിർദേശ പത്രിക സ്വീകരിക്കില്ലെന്ന് അവർ പറഞ്ഞതായി സാന്ദ്ര കൂട്ടിച്ചേർത്തു. വൺ ഇന്ത്യയോടായിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെ നാമനിർദേശ പത്രിക തള്ളുമെന്ന് നേരത്തെ തന്നെ പറയുന്നത് കേട്ടു. ഇതിന്റെ സത്യാവസ്ഥ അറിയാനായി താൻ വരണാധികാരിയെ പോയി കണ്ടിരുന്നുവെന്ന് സാന്ദ്ര തോമസ് പറയുന്നു. താൻ കയറി ചെന്നപ്പോൾ തന്നെ തനിക്ക് മത്സരിക്കാൻ യോഗ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. അതെങ്ങനെയാണ് സാറിന് അറിയുന്നതെന്ന് താൻ അങ്ങോട്ട് ചോദിച്ചു. രണ്ട് പടമല്ലേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു മറുപടി. അപ്പോൾ, താൻ ഒൻപത് സിനിമകൾ സെൻസർ ചെയ്തിട്ടുള്ള നിർമ്മാതാവാണെന്ന് പറഞ്ഞ് സെൻസർ സർട്ടിഫിക്കറ്റുകളെല്ലാം അദ്ദേഹത്തെ കാണിച്ചു കൊടുത്തു. അദ്ദേഹത്തിന് അത് എതിർക്കാൻ പറ്റിയിലെന്നും സാന്ദ്ര തോമസ് പറയുന്നു.
അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. തന്റെ ഭാഗത്താണ് നൂറ് ശതമാനം ശരി, പക്ഷെ തനിക്ക് വേറെ നിർവർത്തിയില്ലെന്ന് വരണാധികാരി പറഞ്ഞുവെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. അവരുടെ കൂടെ 25 വർഷമായി നിൽക്കുന്ന ഒരാൾ എന്നുള്ള നിലയിൽ അവരെ സപ്പോർട്ട് ചെയ്യാൻ മാത്രമേ തനിക്ക് നിവർത്തിയുള്ളൂവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ മുന്നിലിരുന്ന് താൻ കരഞ്ഞുവെന്നും സാന്ദ്ര പറയുന്നു. ഒടുവിൽ സാറിന്റെ മനസാക്ഷിക്ക് അനുസരിച്ച് ചെയ്യൂ എന്ന് പറഞ്ഞ് താൻ അവിടെനിന്നും ഇറങ്ങിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
അവിടെ നിന്ന് ഇറങ്ങിയപ്പോൾ തന്റെ അമ്മ പറഞ്ഞു ഇനി ഇവരുടെയൊക്കെ മുന്നിൽ പോകണമെങ്കിൽ പർദ്ദ ഇടേണ്ടിവരുമല്ലോ എന്ന്. അപ്പോഴാണ് താനും ചിന്തിച്ചത്, ഇതെല്ലാം ആളുകൾ അറിയണം എന്ന്. ഇവിടെ സംഭവിക്കുന്നത് എല്ലാവരും അറിയണം. അങ്ങനെയാണ് പർദ്ദയിട്ട് നോമിനേഷൻ കൊടുക്കാൻ പോയതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
“ഞാൻ ഒരു സ്ത്രീയാണ് എനിക്ക് പൊരുതുന്നതിനും ഫൈറ്റ് ചെയ്യുന്നതിനും എല്ലാത്തിനും പരിധികളില്ലേ? എന്റെ ഗതികേടിന്റെ അങ്ങേ അറ്റമാണ് ഞാൻ അങ്ങനെ വേഷം ധരിച്ച് പോയത്. അപ്പോഴും അവർ അവിടെ എന്നെ ഒരു കോമഡി പീസായി കണ്ടു. പക്ഷെ എന്നെ അങ്ങനെ ആക്കിയത് ആരാണ്? എന്നെ ഇങ്ങനെ ഒരു അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത് ആരാണ്? ഈ പറയുന്ന നിർമ്മാതാക്കൾ തന്നെയാണ്” എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.