Sandra Thomas: ‘ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷിച്ചാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാം; വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസ്
Sandra Thomas Responds to Vijay Babu’s Comment: നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് കോടതിയാണ്. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷിച്ചാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

സാന്ദ്ര തോമസ്, വിജയ് ബാബു
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് ആരോപിച്ച് വിജയ് ബാബു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സാന്ദ്ര രംഗത്ത്. 2016ൽ ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് നിയമപരമായി രാജിവെച്ച സാന്ദ്രയ്ക്ക് ആ ബാനറിൽ നിർമിച്ച ചിത്രങ്ങളുടെ സെൻസർ സർട്ടിഫിക്കറ്റുകളിൽ അവകാശം ഉന്നയിക്കാനാവില്ല എന്നായിരുന്നു വിജയ് പറഞ്ഞത്. ഇതിനാണ് ഇപ്പോൾ സാന്ദ്ര മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ചിലരുടെ നിലനിൽക്കാത്ത കുതന്ത്രങ്ങൾ മറനീക്കി പുറത്തു വരുകയാണെന്നും ഇതിനെ ഒരു തമാശ മാത്രമായി കാണാമെന്നും സാന്ദ്ര പറയുന്നു. 2016 വരെ താൻ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നുവെന്ന് വിജയ് ബാബു സമ്മതിച്ചു കഴിച്ചു. അതുകൊണ്ട് തന്നെ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രഡിറ്റുകൾ തന്റെ പേരിലാണെന്നുള്ളതും വ്യക്തമാണ്. അതിനുശേഷമുള്ള സിനിമകളുടെ കാര്യത്തിൽ താനൊരു അവകാശവും ഉന്നയിച്ചിട്ടില്ല എന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ഇതെല്ലാം കൊണ്ടുതന്നെ അസോസിയേഷന്റെ മുഖ്യ സ്ഥാനങ്ങളിലേക്ക് തനിക്ക് നിയമപരമായി മത്സരിക്കാം. അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും വിജയ്ബാബുവിന്റെ പോസ്റ്റിലില്ല. താൻ പാർട്ണർഷിപ് ഒഴിഞ്ഞൊ ഇല്ലയോ എന്നുള്ളത് ഇവിടെ തർക്കവിഷയമേയല്ല എന്നും സാന്ദ്ര തോമസ് പറഞ്ഞു. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് കോടതിയാണ്. ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷിച്ചാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.
സാന്ദ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ALSO READ: ‘2016ൽ സാന്ദ്ര തോമസ് രാജിവെച്ചു, ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് മത്സരിക്കാനാകില്ല’; വിജയ് ബാബു
അതേസമയം, ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ സാന്ദ്രയ്ക്ക് മത്സരിക്കാനാകില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്. തന്റെ അറിവ് പ്രകാരം സെന്‍സര്‍ നല്‍കുന്നത് ഒരു വ്യക്തിക്കല്ല മറിച്ച് ഒരു കമ്പനിക്ക് ആണ്. അർഹിച്ചതോ അതിൽ കൂടുതലോ ഓഹരി കൈപറ്റിയാണ് 2016ൽ സാന്ദ്ര ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് നിയമപരമായി രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും കോടതി തീരുമാനിക്കട്ടെയെന്നും, മറ്റൊരു തരത്തിലാണ് കോടതിയുടെ തീരുമാനം വരുന്നതെങ്കിൽ നമുക്കെല്ലാം അത് പുതിയ അറിവായിരിക്കുമെന്നുമാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.