AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shanawas Prem Nazir: പ്രേമഗീതങ്ങളിൽ തുടങ്ങി ജനഗണമനയിൽ അവസാനിച്ചു; ഷാനവാസിൻ്റെ സിനിമായാത്രയുടെ ദൂരം

Shanawas Prem Nazir Film Journey: പ്രേം നസീറിൻ്റെ മകനായ ഷാനവാസ് പ്രേം നസീർ 50ലധികം സിനിമകളിലാണ് അഭിനയിച്ചത്. ചില സീരിയലുകളിലും താരം വേഷമിട്ടു.

Shanawas Prem Nazir: പ്രേമഗീതങ്ങളിൽ തുടങ്ങി ജനഗണമനയിൽ അവസാനിച്ചു; ഷാനവാസിൻ്റെ സിനിമായാത്രയുടെ ദൂരം
ഷാനവാസ് പ്രേം നസീർImage Credit source: Social Media
abdul-basith
Abdul Basith | Published: 05 Aug 2025 06:39 AM

പ്രേം നസീറിൻ്റെ മകനാണെങ്കിലും ഷാനവാസിൻ്റെ സിനിമാതാരമെന്ന കരിയർ അത്ര പടർന്നുപന്തലിച്ചിരുന്നില്ല. 50ലധികം സിനിമകളിൽ മാത്രം പരന്നുകിടക്കുന്ന സിനിമായാത്രയാണ് അദ്ദേഹത്തിൻ്റേത്. 1981ലെ പ്രേമഗീതങ്ങൾ എന്ന സിനിമ മുതൽ 2021ലെ ജനഗണമന എന്ന സിനിമ വരെ ഈ യാത്ര നീണ്ടു. ചില ഹിറ്റ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങളിലാണ് ഷാനവാസ് ആദ്യമായി വേഷമിടുന്നത്. അംബിക, ജോസ് പ്രകാശ്, നെടുമുടി വേണു തുടങ്ങിയവരും അഭിനയിച്ച സിനിമയിൽ അജിത്ത് എന്ന നായകവേഷമാണ് ഷാനവാസ് അവതരിപ്പിച്ചത്. അതേവർഷം തന്നെ നായകനായി ആശ എന്ന സിനിമയും പുറത്തിറങ്ങി.

നായകനായാണ് തുടങ്ങിയതെങ്കിലും ഷാനവാസ് പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് മാറി. 1988ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ ചിത്രം, അതേവർഷം പുറത്തിറങ്ങിയ ലാൽ അമേരിക്കയിൽ, എംടി വാസുദേവൻ നായർ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ മിഥ്യ, ഐവി ശശി – മമ്മൂട്ടി കൂട്ടുകെട്ടിലെ നീലഗിരി തുടങ്ങി വിവിധ സിനിമകളിൽ അഭിനയിച്ചു. കടമറ്റത്ത് കത്തനാർ, അമ്മത്തൊട്ടിൽ, മനസ്സറിയാതെ തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും ഷാനവാസ് വേഷമിട്ടിരുന്നു.

Also Read: Shanavas: പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് വിടവാങ്ങി

70 വയസുകാരനായ ഷാനവാസ് ഓഗസ്റ്റ് നാല് തിങ്കളാഴ്ച രാത്രി 11.50 ഓടെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൃക്ക സംബന്ധമായ അസുഖത്തിന് നാല് വർഷത്തോളമായി ചികിത്സയിലായിരുന്നു. രോഗം വഷളായതിന് പിന്നാലെ തിങ്കളാഴ്ച രാത്രിയോടെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് പാളയം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിൻ വച്ചാണ് സംസ്കാരം നടക്കുക.

പ്രേം നസീർ – ഹബീബ ബീവി ദമ്പതികളുടെ മകനായ ഷാനവാസ് തിരുവനന്തപുരം സ്വദേശിയാണ്. പ്രഥമിക വിദ്യാഭ്യാസത്തിന് ശേഷം ചെന്നൈ ന്യൂ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.