Shilpa Shetty: ‘മലയാളം സിനിമകളിൽ അഭിനയിക്കാൻ പേടിയാണ്’; മോഹൻലാൽ ആരാധികയാണെന്ന് ശില്പ ഷെട്ടി
Shilpa Shetty Praises Malayalam Movies: മലയാളം സിനിമകളിൽ അഭിനയിക്കാൻ തനിക്ക് ഭയമാണെന്ന് ശില്പ ഷെട്ടി. താൻ ഒരു മോഹൻലാൽ ആരാധികയാണെന്നും അവർ പറഞ്ഞു.
മലയാളം സിനിമകളിൽ അഭിനയിക്കാൻ പേടിയാണെന്ന് ബോളിവുഡ് അഭിനേത്രി ശില്പ ഷെട്ടി. മലയാളം സിനിമ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന രീതി മനോഹരമാണെന്നും മോഹൻലാലിൻ്റെ ആരാധികയാണ് താൻ എന്നും അവർ പറഞ്ഞു. കെഡി – ദി ഡെവിൾ എന്ന കന്നഡ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ വച്ചാണ് ശില്പ ഷെട്ടിയുടെ തുറന്നുപറച്ചിൽ.
“എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട മലയാളം സിനിമ ഫാസിൽ സാറിൻ്റെ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ആണ്. ആ സിനിമ എക്കാലത്തെയും പ്രിയപ്പെട്ടതാണ്. മലയാളം സിനിമ വികാരങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെ മനോഹരമാണ്. വികാരങ്ങളെ കൈകാര്യം ചെയ്യുമ്പോഴും ഡയലോഗ് പറയുമ്പോഴുമുള്ള ലാളിത്യം. വളരെ സാധാരണയായി പറയുമ്പോലെയാണ്. ചില മലയാളം സിനിമകളിൽ അഭിനയിക്കാൻ ഓഫർ ലഭിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് ഭയമാണ്. എനിക്ക് അതിനോട് നീതിപുലർത്താൻ കഴിയുമോ എന്ന് തോന്നും. പക്ഷേ, മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്. മോഹൻലാൽ സാറിനൊപ്പം വർക്ക് ചെയ്യണമെന്നുണ്ട്. ഞാൻ അദ്ദേഹത്തിൻ്റെ വലിയ ഒരു ആരാധകനാണ്. സിനിമയിൽ തന്നെ നമുക്കുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം.”- ശില്പ ഷെട്ടി പറഞ്ഞു.
Also Read: Sanjay Dutt: ‘ആവേശം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു’; മലയാളം സിനിമകൾ അതിഗംഭീരമെന്ന് സഞ്ജയ് ദത്ത്
പ്രേം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കെഡി – ദി ഡെവിൾ. ധ്രുവ സർജ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ധ്രുവയ്ക്കൊപ്പം സഞ്ജയ് ദത്ത്, ശില്പ ഷെട്ടി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സത്യവതി എന്ന കഥാപാത്രമായാണ് ശില്പ ഷെട്ടി തിരശീലയിലെത്തുക. വില്ല്യം ഡേവിഡ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സങ്കേത് അഛാർ എഡിറ്റിങും അർജുൻ ജന്യ സംഗീതസംവിധാനവും നിർവഹിക്കുന്നു. ഈ വർഷം സെപ്തംബർ നാലിന് സിനിമ തീയറ്ററുകളിൽ റിലീസാവും. ഹിന്ദി, കന്നഡ ഭാഷകളിലാണ് സിനിമ റിലീസാവുക.


