Sobhana Vettiyar: ‘ആരുമറിയാത്ത എന്നെ ഇവിടം വരെ എത്തിച്ചത് അവനാണ്; നന്ദി അവനോടും ദൈവത്തോടും മാത്രം’; ശ്രീകാന്ത് വെട്ടിയാറിനെക്കുറിച്ച് അമ്മ ശോഭന പറയുന്നു
Sobhana Vettiyar about her son Sreekanth: രണ്ട് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പരിവാറാണ് ആദ്യം ഇറങ്ങിയത്. ഉത്സവത്തിനൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ വന്ന് ഫോട്ടോയെടുക്കാറുണ്ട്. 'അമ്മേ' എന്ന് വിളിച്ച് കൈ തരികയും ചെയ്യും. ഭയങ്കര സന്തോഷമാണെന്നും ശോഭന. ദൈവത്തിനോടും മാത്രമാണ് നന്ദി പറയാനുള്ളതെന്ന് ശോഭന വ്യക്തമാക്കി
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന മലയാളിക്ക് ‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന പേര് സുപരിചിതമാണ്. കോമഡി വീഡിയോകളിലൂടെയാണ് ശ്രീകാന്ത് ശ്രദ്ധേയനായത്. പതുക്കെ പതുക്കെ തന്റെ അമ്മ ശോഭനയെയും ശ്രീകാന്ത് വീഡിയോകളില്‍ അഭിനയിപ്പിച്ചു. ആദ്യമൊക്കെ മടിച്ചുനിന്നെങ്കിലും ശോഭനയും ശ്രീകാന്തിന്റെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായി. വൈകാതെ ശ്രീകാന്തിനൊപ്പം തന്നെ പ്രശസ്തയുമായി. സോഷ്യല്‍ മീഡിയ റീലുകളിലൂടെ തുടങ്ങിയ ശോഭന ഇപ്പോള്‍ ചലച്ചിത്രരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുകയാണ്. മികച്ച പ്രതികരണം നേടി മുന്നേറുന്ന പരിവാര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ പ്രകടനമാണ് ശോഭന കാഴ്ചവച്ചത്. തന്റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ മകനാണെന്നും, അവനോടും ദൈവത്തോടും മാത്രമാണ് നന്ദി പറയാനുള്ളതെന്നും ശോഭന പറഞ്ഞു. പരിവാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശോഭന ഇക്കാര്യം പറഞ്ഞത്.
”അവനോടും ദൈവത്തിനോടും മാത്രമാണ് നന്ദി പറയാനുള്ളത്. അവനാണ് എന്നെ ഇത്രയുമാക്കിയത്. ആരുമറിയാതെ ഒരു പുരയുടെ മൂലയ്ക്ക് കിടന്ന ആളായിരുന്നു ഞാന്‍. ഇപ്പോള്‍ ഇവിടം വരെ കൊണ്ടെത്തിച്ചത് അവനാണ്. ലോകത്തില്‍ എവിടെയും അമ്മയെ വലുതാക്കിയ മക്കളില്ലെന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. അമ്മമാരാണ് മക്കളെ വലുതാക്കുന്നത്. പക്ഷേ, ഇവിടെ മോനാണ് അമ്മയെ വലുതാക്കിയത്”-ശോഭനയുടെ വാക്കുകള്‍.
രണ്ട് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും പരിവാറാണ് ആദ്യം ഇറങ്ങിയത്. ഉത്സവത്തിനൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ വന്ന് ഫോട്ടോയെടുക്കാറുണ്ട്. ‘അമ്മേ’ എന്ന് വിളിച്ച് കൈ തരികയും ചെയ്യും. ഭയങ്കര സന്തോഷമാണെന്നും ശോഭന വ്യക്തമാക്കി.




Read Also : Sujatha Mohan: അത് കേട്ടതോടെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായി: സുജാത മോഹന്‍
റീല്‍സിലേക്ക്
നമുക്കൊരു വീഡിയോ ചെയ്യാമെന്ന് ഒരു ദിവസം ശ്രീകാന്ത് പറഞ്ഞു. പേടിയാണെന്നും, നാണക്കേടാണെന്നുമായിരുന്നു തന്റെ മറുപടി. അവസാനം ഷെഡില്‍ നിന്ന് അവന്‍ നിര്‍ദ്ദേശിച്ചതുപോലെ പറഞ്ഞു. അത് അവന്‍ ഫോണില്‍ പിടിച്ചെടുത്തു. അങ്ങനെയാണ് ആദ്യമായി അഭിനയിച്ചത്. ഇപ്പോള്‍ റീല്‍സില്‍ താനുണ്ടോയെന്ന് അങ്ങോട്ട് ചോദിക്കും. താനില്ലെങ്കില്‍ റീല്‍സെടുക്കേണ്ടെന്നും പറയും. അഭിനയിക്കുമ്പോള്‍ മുഖത്ത് ചിരി വന്നാല്‍ അവന്‍ വഴക്കു പറയും. നല്ല പോലെ ചെയ്തില്ലെങ്കില്‍ ഇനി എടുക്കില്ലെന്നൊക്കെ പറയുമെന്നും തമാശരൂപേണ ശോഭന കൂട്ടിച്ചേര്‍ത്തു.