Jana Nayagan: ‘ജനനായകൻ’ സിനിമയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി; മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാനുള്ള സിബിഎഫ്സിക്കുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.
വിജയ് നാകനായി എത്തുന്ന ജന നായകൻ എന്ന ചിത്രത്തിന് സുപ്രീം കോടതിയിലും തിരിച്ചടി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിഷയത്തിൽ നിർമാതാക്കൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ നിർമാതാക്കളോട് ഹൈക്കോടതിയിൽ തന്നെ ഉന്നയിക്കാൻ ആണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജനുവരി 21-ലേക്ക് മാറ്റിയിരുന്നു. ഇതിനിടെയിൽ സുപ്രീംകോടതി ഈ കേസ് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്.
സെൻസർ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനാനുമതി നല്‍കികൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തടയുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
Also Read:അതെല്ലാം അവരുടെ കാഴ്ചപ്പാടാണ്! ദൃശ്യത്തിൽ ജോർജുകുട്ടിയായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി; ജിത്തു ജോസഫ്
അതേസമയം പൊങ്കൾ റിലീസായി ജനുവരി 9 നായിരുന്നു ജനനായകന്റെ റിലീസ് പ്രഖ്യാപിച്ചത്. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉള്‍പ്പടെ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഈ ടിക്കറ്റുകള്‍ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ക്ക് അനുമതി നല്‍കുന്നതിനുമുമ്പ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.
അതേസമയം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കെവിഎൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം പൊങ്കൽ റിലീസായാണ് എത്തുന്നത്. ചിത്രത്തിൽ വിജയ്ക്കുപുറമെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.