Abhinay Kinger : ‘കൈ എത്തും ദൂരത്ത്’ ഫഹദിനൊപ്പം അഭിനയിച്ച തമിഴ് താരം അഭിനയ് കിങ്ങർ അന്തരിച്ചു
Actor Abhnay Kinger Death : പഴയകാല നടി ടിപി രാധാമണിയുടെ മകനാണ് അന്തരിച്ച അഭിനയ് കിങ്ങർ. ഏറെ നാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് അഭിനയ് ചികിത്സയിലാരുന്നു.
ചെന്നൈ : തമിഴ് സിനിമ താരം അഭിനയ് കിങ്ങർ അന്തരിച്ചു. 44 കാരനായ നടൻ ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. തമിഴിലും മലയാളത്തിലുമായി 15 ഓളം സിനിമകളിൽ അഭിനയ് അഭിനയിച്ചിട്ടുണ്ട്. 2002ൽ ധനുഷിൻ്റെ തുള്ളവാതു ഇളമയ് എന്ന സിനിമയിലൂടെയാണ് അഭിനയിൻ്റെ സിനിമ കരിയറിന് തുടക്കമാകുന്നത്. അതേ വർഷം ഫഹദ് ഫാസിലിൻ്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്തും അഭിനയ് ചെറിയ ഒരു വേഷം അവതരിപ്പിച്ചിരുന്നു.
ദേശീയ അവാർഡ് നേടിയ പഴയകാല നടി ടിപി രാധാമണിയുടെ മകനാണ് അഭിനയ്. 2019ൽ ക്യാൻസർ ബാധയെ തുടർന്ന് അമ്മ രാധാമണി മരണപ്പെട്ടതിന് പിന്നാലെ അഭിനയ് സാമ്പത്തിക പ്രതിസന്ധിയിലായി. സർക്കാർ ക്യാൻ്റീനിൽ നിന്നുമായിരുന്നു ഭക്ഷണം കഴിച്ചിരുന്നതെന്നും നടൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിന് പിന്നാലെ അഭിനയ്ക്ക് സഹായസ്തവുമായി നടൻ ധനുഷ് ഉൾപ്പെടെ തമിഴ് സിനിമയ്ക്കും അകത്തും പുറത്തും നിന്നുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
ALSO READ : Sulakshana Pandit: നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു
അഭിനയത്തിന് പുറമെ അഭിനയ് ഡബ്ബിങ്ങ് മേഖലയിലും പ്രവർത്തിച്ചിരുന്നു. വിജയിയുടെ തുപ്പാക്കി, സൂര്യയുടെ അഞ്ചാൻ സിനിമകളിൽ വില്ലൻ വേഷങ്ങൾ അവതരിപ്പിച്ച ബോളിവുഡ് താരം വിദ്യൂത് ജാംവാളിന് തമിഴ് ശബ്ദം നൽകിയത് അഭിനയ് ആണ്.