VD Satheesan: സാധാരണക്കാരനിൽ നിന്ന് കുട്ടി നേതാവിലേക്ക്, പിന്നെ വക്കീലായി… ഇപ്പോൾ മുഖ്യനും, ‘സന്ദേശം’ സ്വാധീനിച്ച വിഡിയുടെ കഥ
Political Journey and Rise of V.D. Satheesan: മറ്റാരും ഏറ്റെടുക്കാതിരുന്ന സി.പി.ഐ കോട്ടയായ പറവൂർ, 1996-ലെ പരാജയത്തിന് ശേഷം 2001-ൽ സതീശൻ പിടിച്ചെടുത്തു. പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം പതിനായിരങ്ങളിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് ഉയർത്തിക്കൊണ്ട് പറവൂരിനെ കോൺഗ്രസിന്റെ ഉറച്ച കോട്ടയായി അദ്ദേഹം മാറ്റി. സഭയിൽ കണക്കുകളും വസ്തുതകളും നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് സതീശന്റേത്.

V D Satheesan
തിരുവനന്തപുരം: വടശ്ശേരി ദാമോദരൻ സതീശൻ എന്ന വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുകയാണ്. 2021-ൽ തകർന്നുപോയ യുഡിഎഫിനെ പ്രതിപക്ഷ നേതാവെന്ന നിലയിൽ കൈപിടിച്ചുയർത്തിയ സതീശൻ, ജനഹിതം മുൻനിർത്തിയാണ് സംസ്ഥാനത്തിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ പാരമ്പര്യങ്ങളോ കുടുംബ മഹിമയോ ഇല്ലാതെ, കഠിനാധ്വാനവും വായനയും നിലപാടുകളും കൊണ്ട് മാത്രം കേരളത്തിന്റെ അമരത്തെത്തിയ അത്ഭുതമാണ് ഈ നേതാവ്.
സ്കൂൾ ലീഡറിൽ നിന്ന് നിയമസഭയിലേക്ക്
1964 മേയ് 31-ന് എറണാകുളത്തെ നെട്ടൂരിലെ ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലാണ് സതീശന്റെ ജനനം. പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറായി തുടങ്ങിയ ആ യാത്ര കെ.എസ്.യു.വിലൂടെ വളർന്നു. ജി. കാർത്തികേയനെ രാഷ്ട്രീയ ഗുരുവായി വരിച്ച സതീശൻ, എം.ജി. സർവകലാശാല യൂണിയൻ ചെയർമാനായും എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിയായും തിളങ്ങി.
സന്ദേശം സിനിമയും ജീവിതം മാറ്റിമറിച്ച വക്കീൽ പണിയും
പൂർണ്ണസമയ രാഷ്ട്രീയത്തിനിടയിലും ഒരു പ്രൊഫഷൻ വേണമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കിയത് സന്ദേശം എന്ന സിനിമയാണ്. സിനിമ കണ്ടതിന്റെ പിറ്റേന്ന് തന്നെ പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം എട്ടു വർഷത്തോളം നീണ്ട അഭിഭാഷക ജീവിതത്തിലൂടെ ആർജ്ജിച്ചെടുത്ത അറിവാണ് പിന്നീട് സഭയിലെ മികച്ച പാർലമെന്റേറിയനാക്കി അദ്ദേഹത്തെ മാറ്റിയത്.
പറവൂർ പിടിച്ചെടുത്ത പോരാളി
മറ്റാരും ഏറ്റെടുക്കാതിരുന്ന സി.പി.ഐ കോട്ടയായ പറവൂർ, 1996-ലെ പരാജയത്തിന് ശേഷം 2001-ൽ സതീശൻ പിടിച്ചെടുത്തു. പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം പതിനായിരങ്ങളിൽ നിന്ന് ഇരുപതിനായിരത്തിലേക്ക് ഉയർത്തിക്കൊണ്ട് പറവൂരിനെ കോൺഗ്രസിന്റെ ഉറച്ച കോട്ടയായി അദ്ദേഹം മാറ്റി. സഭയിൽ കണക്കുകളും വസ്തുതകളും നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് സതീശന്റേത്.
Also Read: VD Satheesan: കേരളത്തിന്റെ ‘ചെറുപ്പക്കാരന്‍’; പ്രായം കുറഞ്ഞ മുഖ്യമന്ത്രിമാരില്‍ ഇനി വിഡിയും
സാൻഡിയാഗോ മാർട്ടിനെതിരെയുള്ള പോരാട്ടം വഴി സർക്കാർ ഭൂമി തിരിച്ചുപിടിക്കാനും ഇതര സംസ്ഥാന ലോട്ടറികൾ നിരോധിക്കാനും അദ്ദേഹത്തിന്റെ ഇടപെടലുകൾ കാരണമായി. നിയമസഭയിലെ ഗ്രീൻ ഗ്രൂപ്പിന് നേതൃത്വം നൽകിയ അദ്ദേഹം ഗാഡ്ഗിൽ റിപ്പോർട്ടിനെ ശക്തമായി പിന്തുണച്ചു.
വെല്ലുവിളികളെ അതിജീവിച്ച നായകൻ
2021-ലെ നിയമസഭാ പരാജയത്തിന് പിന്നാലെ പാർട്ടി തളർന്നുനിന്ന ഘട്ടത്തിലാണ് അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. പിണറായി വിജയന്റെ ‘ക്യാപ്റ്റൻ’ പ്രതിച്ഛായയെ വസ്തുതകൾ കൊണ്ട് നേരിട്ട സതീശൻ, തദ്ദേശ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റു പ്രമുഖരുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും, അണികൾക്കിടയിലും ജനങ്ങൾക്കിടയിലും സതീശന് ലഭിച്ച വലിയ പിന്തുണയാണ് ഹൈക്കമാൻഡ് തീരുമാനത്തിന് നിർണ്ണായകമായത്.
വായനയും നിലപാടുകളും
തിരക്കേറിയ രാഷ്ട്രീയത്തിനിടയിലും വായന കൈവിടാത്ത നേതാവാണ് അദ്ദേഹം. 2025-ൽ മാത്രം 60-ഓളം പുസ്തകങ്ങളാണ് അദ്ദേഹം വായിച്ചുതീർത്തത്. സൽമാൻ റുഷ്ദിയും അരുന്ധതി റോയിയും അദ്ദേഹത്തിന്റെ വായനാപട്ടികയിൽ ഇടംപിടിക്കുന്നു. സ്വന്തം അനുഭവങ്ങൾ കോർത്തിണക്കി അദ്ദേഹം രചിച്ച നേരനുഭവങ്ങൾ മികച്ച പ്രതികരണം നേടിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പാർട്ടിക്ക് മുൻഗണന നൽകുന്ന സതീശൻ, ഉമ്മൻ ചാണ്ടിയുടെയും ജി. കാർത്തികേയന്റെയും പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് കേരളത്തിന്റെ ഭരണാധികാരിയായി ചുമതലയേൽക്കുന്നത്.
English Summary
V.D. Satheesan has emerged as Kerala’s Real Captain by rebuilding a demoralized UDF through disciplined leadership and merit-based politics since becoming the Opposition Leader in 2021. From his humble beginnings in Nettoor to his strategic mastery in the Assembly, his rise to the position of Chief-elect is a testament to his dedication as a scholarly parliamentarian and a grassroots fighter.