Thudarum Box Office: ‘തുടരും’ വിജയകുതിപ്പ് തുടരുന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി
Thudaram Box Office Kerala Collection: കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് 'തുടരും'. ചിത്രത്തിന്റെ സംവിധായകനായ തരുൺ മൂർത്തി 100 കോടി പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു മുന്നേറുകയാണ്. ചിത്രത്തിന്‍റെ ബജറ്റും ലഭിക്കുന്ന കളക്ഷനും വച്ച് നോക്കിയാല്‍ സമീപകാലത്ത് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ചിത്രമാണിത്. വലിയ ഹൈപ്പുകൾ ഒന്നുമില്ലാതെ ഏപ്രില്‍ 25ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി കളക്ഷനാണ് ‘തുടരും’ നേടിയത്. റിലീസായി 13 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ‘തുടരും’. ചിത്രത്തിന്റെ സംവിധായകനായ തരുൺ മൂർത്തി 100 കോടി പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ 300 കോടി കളക്ഷൻ നേടിയതിന് പിന്നാലെയാണ് ഇപ്പോൾ തുടരും 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്.
തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ച ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് ചിത്രത്തിന്റെ നിർമാണം. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹൻലാൽ – ശോഭന ജോഡി ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭന, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരന്നു.
ALSO READ: ലാൽ മാജിക്ക് ‘തുടരും’; രണ്ടാമത്തെ തിങ്കളാഴ്ചയും ഞെട്ടിപ്പിച്ച് ബോക്സോഫീസ് കളക്ഷൻ
തരുൺ മൂർത്തിയും കെ ആർ സുനിലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി എന്നിവർ ചേർന്നാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തത്. സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.