Tovino Thomas: പോലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ ഞാന്‍ തയാറാണ്, തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം: ടൊവിനോ തോമസ്
Hema Committee Report: സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ആള്‍കൂട്ട വിചാരണയല്ല വേണ്ടത്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് ടൊവിനോ തോമസ് പറഞ്ഞു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ജോലി സ്ഥലത്ത് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ടൊവിനോ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിളിച്ചാല്‍ മൊഴി നല്‍കാന്‍ തയാറാണ്. കുറ്റാരോപിതര്‍ മാറി നില്‍ക്കുന്നത് അന്വേഷണത്തിന് ആവശ്യമാണ്. കുറ്റം തെളിയിക്കപ്പെട്ടാന്‍ ആരായാലും ശിക്ഷ അനുഭവിക്കണമെന്നും ടൊവിനോ പറഞ്ഞു.
സിനിമാ മേഖലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം. നിലവിലുള്ള നിയമ സംവിധാനത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്. ആള്‍കൂട്ട വിചാരണയല്ല വേണ്ടത് പകരം നിയമത്തിന്റെ വഴിക്ക് എല്ലാം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. ക്രൈം എഡിജിപി നേതൃത്വം നല്‍കുന്ന സംഘത്തെയാണ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. നാല് വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളായിരിക്കും സംഘത്തിലുണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഇതി്‌ലാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയരുന്ന പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷിക്കാന്‍ പോലീസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തേയാണ് നിയോഗിച്ചത്. എഡിജിപി വെങ്കിടേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. എസ് അജിത ബീഗം, മെറിന്‍ ജോസഫ്, ജി പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റേ, അജിത്ത് വി, എസ് മധുസൂദനനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുക. ഇതുവരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സ്ത്രീകളെ അങ്ങോട്ട് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുകയും പരാതിയുമായി മുന്നോട്ട് പോകാനും മൊഴി നല്‍കാന്‍ താത്പര്യമുണ്ടോയെന്ന് എന്ന് അന്വേഷിക്കുകയും ചെയ്യാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നവര്‍ മൊഴി നല്‍കിയാല്‍ തുടരന്വേഷണം ഉണ്ടാകും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച രഞ്ജിത്ത്, മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സിദ്ദിഖ് എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളായിരിക്കും ആദ്യം അന്വേഷിക്കുക.
അതേസമയം, ലൈംഗികാരോപണത്തെ തുടര്‍ന്ന് സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ബാബുരാജ് ആ സ്ഥാനത്തേക്ക് എത്തുമെന്ന വിവരങ്ങള്‍ പുറത്ത്. സിദ്ദിഖിന്റെ രാജിയെ തുടര്‍ന്ന് മറ്റന്നാള്‍ അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് അടിയന്തരയോഗം വിളിച്ചത്. സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്കാണ് പകരം ചുമതല നിര്‍വഹിക്കുന്നത് എന്നാണ് ബാബുരാജ് അറിയിച്ചത്. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നതിനുശേഷം തീരുമാനിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് പറഞ്ഞു. യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് നടന്‍ സിദ്ദിഖ് രാജിവെച്ചത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനാണ് രാജിക്കത്തയച്ചത്.
അതേസമയം, ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി രഞ്ജിത്ത് ഒഴിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി നടി രംഗത്തുവന്നത്. രാഷ്ട്രീയ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരില്‍ നിന്നുള്‍പ്പെടെ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സ്ഥാനം ഒഴിയുന്നതായി രഞ്ജിത്ത് അറിയിക്കുകയായിരുന്നു.
സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസമാണ് നടി മുന്നോട്ട് വന്നത്. ‘പാലേരി മാണിക്യം’ എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രതികരിച്ച് നടനും എംഎല്‍എയുമായ മുകേഷ്. ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഭരണപക്ഷമല്ല. തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ എംഎല്‍എ ആണെങ്കില്‍ കയറി ഇറങ്ങാം. സിപിഎം എംഎല്‍എ അല്ലെങ്കില്‍ തിരിഞ്ഞുനോക്കില്ല. അവര്‍ അന്ന് പലതവണ ഫോണ്‍വിളിച്ചുവെന്നും താന്‍ എടുത്തില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.