Tovino Thomas: പെൺകുട്ടിയുടെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടായിരുന്നു; രാത്രി വരുന്ന മെസേജുകൾ കണ്ട് ഇട്ടിട്ടോടി: ടൊവിനോ തോമസ്
Tovino Thomas Says He Had A Fake Facebook Account: തനിക്ക് പെൺകുട്ടിയുടെ പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി ടൊവിനോ തോമസ്. അക്കൗണ്ടിലേക്ക് വന്നിരുന്ന മെസേജുകൾ കണ്ട് ഇട്ടിട്ട് ഓടിയെന്നും അദ്ദേഹം പറഞ്ഞു.

ടൊവിനോ തോമസ്
തനിക്ക് ഫേസ്ബുക്കിൽ ഫേക്ക് അക്കൗണ്ട് ഉണ്ടായിരുന്നതായി നടൻ ടൊവിനോ തോമസ്. പെൺകുട്ടിയുടെ പേരിലായിരുന്ന അക്കൗണ്ടിൽ വന്നിരുന്ന മെസേജുകൾ കണ്ടിട്ട് അക്കൗണ്ട് ഇട്ട് ഓടിയെന്നും ടൊവിനോ പറഞ്ഞു. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ടൊവിനോയുടെ വെളിപ്പെടുത്തൽ.
“ഞാൻ ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് ഇട്ടിട്ടോടിയില്ലേ. പ്രൊഫൈൽ പിക്ചർ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഫേസ്ബുക്കിലുണ്ടാക്കി. ഒരു പെൺകുട്ടിയുടെ പേരാണ് ഇട്ടത്. അതില് രാത്രി വരുന്ന മെസേജുകൾ കണ്ടിട്ട് ഞാൻ അത് ഇട്ടിട്ടോടി. അപ്പോൾ ഒന്നാലോചിച്ച് നോക്ക് പെൺകുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന്. രാത്രി പല പ്രായത്തിലുള്ള ആൾക്കാർ വരും. ഫേക്ക് അക്കൗണ്ട് തുടങ്ങിയിട്ട് അത് ക്രെഡിബിൾ ആണെന്ന് തോന്നാൻ വന്ന ഫ്രണ്ട് റിക്വസ്റ്റൊക്കെ അക്സപ്റ്റ് ചെയ്തു. അപ്പത്തന്നെ വരും. ഒരു പെൺകുട്ടി ഫ്രണ്ട് റിക്വസ്റ്റ് അക്സപ്റ്റ് ചെയ്താൽ ‘ഹൗ ഡു യു നോ മീ?’ എന്ന് മെസേജയക്കുമല്ലോ.”- ടൊവിനോ തോമസ് പറഞ്ഞു.
അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയാണ് ടൊവിനോയുടെ ഏറ്റവും പുതിയ സിനിമയായി ഇപ്പോൾ തീയറ്ററുകളിലുള്ളത്. ഇഷ്ഖ് എന്ന സിനിമയ്ക്ക് ശേഷം അനുരാജ് മനോഹറിൻ്റെ രണ്ടാമത്തെ സിനിമയാണ് നരിവേട്ട. മുത്തങ്ങ പോലീസ് വെടിവെപ്പുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. യുവ കഥാകൃത്ത് എബിൻ ജോസഫ് തിരക്കഥയൊരുക്കുന്ന ആദ്യ സിനിമയാണ്.
വിജയ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ജേക്സ് ബിജോയ് സംഗീതസംവിധാനവും നിർവഹിച്ചിരിക്കുന്നു. ടൊവിനോയ്ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ, ആര്യ സലിം, പ്രിയംവദ കൃഷ്ണൻ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമ മെയ് 23നാണ് തീയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.