Urvashi: ‘ലീഡ് റോൾ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ? പ്രായം അനുസരിച്ചാണോ?’; ദേശീയ അവാർഡിൽ വിമർശനവുമായി ഉർവശി
Urvashi Criticizes National Film Awards: 'ഉള്ളൊഴുക്ക്' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകൻ.
ദേശീയ അവാർഡ് നിർണയത്തിൽ വിമർശനവുമായി നടി ഉർവശി. എന്ത് അടിസ്ഥാനത്തിലാണ് ലീഡ് റോൾ തീരുമാനിക്കുന്നതെന്നാണ് ഉർവശിയുടെ ചോദ്യം. ഇത്ര പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നുണ്ടോ എന്നും നടി ചോദിക്കുന്നു. അവാർഡിന്റെ മാനദണ്ഡത്തെ ചോദ്യം ചെയ്‌തെങ്കിലും അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ടെന്ന് നടി അറിയിച്ചു. മനോരമ ന്യൂസിനോടായിരുന്നു ഉർവശിയുടെ പ്രതികരണം.
‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. ക്രിസ്റ്റോ ടോമിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഉർവശിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. പാർവതിയും മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു.
ഇത് രണ്ടാം തവണയാണ് ഉർവശിക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇതിന് മുമ്പ് 2005ൽ റിലീസായ ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിനാണ് ഉർവശിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ മീര ജാസ്മിൻ, നരേൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
അതേസമയം, ഓഗസ്റ്റ് ഒന്നിനാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ബോളിവുഡ് ചിത്രം ജവാനിലെ പ്രകടത്തിന് ഷാറുഖ് ഖാനും, ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ‘മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവേ’ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
‘മിസ്സിസ് ചാറ്റർജി വേഴ്‌സസ് നോർവേ’, ‘ട്വൽത്ത് ഫെയിൽ’ എന്നീ ചിത്രങ്ങളാണ് 2023ലെ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയത്. മലയാളത്തിന് അഭിമാനായി, ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും സ്വന്തമാക്കി.
‘2018’ സിനിമയ്ക്കായി മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസിന് ലഭിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുൻ മുരളിക്കാണ്. എം കെ ഹരിദാസ് സംവിധാനം ചെയ്ത ‘നെകൽ: ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ’ എന്ന സിനിമയ്ക്ക് നോൺഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശവും നേടാനായി.