Vijay Movie Jananayagan: ജനനായകന്റെ ഭാവി ഇന്നറിയാം! സെൻസർ സർട്ടിഫിക്കറ്റ് കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും
Jananayagan Movie Verdict: ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസിലാണ് ഇന്ന് വിധിയെത്തുക. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു...
വിജയ് നായകനാകുന്ന ജനനായകൻ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. ജനനായകന്റെ സെൻസർ സർട്ടിഫിക്കറ്റ് കേസിലാണ് ഇന്ന് വിധിയെത്തുക. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ പത്തരയ്ക്ക് ആദ്യ കേസ് ആയി ജനനായകൻ പരിഗണിക്കാനും സാധ്യത.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ജനനായകൻ സെൻസർ സർട്ടിഫിക്കേഷനായി അയച്ചപ്പോൾ, കേന്ദ്ര സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും അവലോകന കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു. ഇത് ചിത്രം റിലീസ് ചെയ്യുന്ന കാര്യത്തിൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടാക്കി. ഇതിനെത്തുടർന്ന്, ബോർഡിന്റെ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ നിർമ്മാണ സംഘം മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.സിബിഎഫ്സി പറഞ്ഞ മാറ്റങ്ങൾ മുഴുവൻ ചിത്രത്തിൽ വരുത്തിയിട്ടും കാരണമില്ലാതെ സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നായിരുന്നു നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്.
കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ജഡ്ജി പി.ഡി. ആശ ജനുവരി 9 ന് സെൻസർ ബോർഡ് ചെയർമാന്റെ ഉത്തരവ് റദ്ദാക്കി. ‘ജനനായകൻ’ സിനിമയ്ക്ക് ഉടൻ സർട്ടിഫിക്കറ്റ് നൽകാനും ഉത്തരവിട്ടു. ഇതോടെ, ചിത്രം പൊങ്കലിന് റിലീസ് ചെയ്യുമെന്ന് വിജയ് ആരാധകർ സന്തോഷിച്ചു. പക്ഷെ ആ സന്തോഷം അധികനാൾ നീണ്ടുനിൽക്കുന്നതിന് മുമ്പ്, സിംഗിൾ ജഡ്ജിയുടെ തീരുമാനത്തിനെതിരെ കേന്ദ്ര സെൻസർ ബോർഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന്, അന്ന് അപ്പീൽ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ ഉത്തരവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തുകയും ജനുവരി 20 ലേക്ക് വാദം കേൾക്കൽ മാറ്റിവയ്ക്കുകയും ചെയ്യുകയുമായിരുന്നു.