Vijayaraghavan: ‘അമ്മ മരിച്ച ശേഷം അച്ഛൻ കുട്ടിയെ പോലെയായിരുന്നു, നിർബന്ധിച്ചാണ് ഗോഡ് ഫാദറിൽ അഭിനയിപ്പിച്ചത്’; വിജയരാഘവൻ
Vijayaraghavan Talks About Father N N Pillai: അമ്മ മരിച്ച ശേഷം ഇരുപത്തിരണ്ടു ദിവസത്തോളം അച്ഛൻ ഭക്ഷണം പോലും കഴിക്കാതിരുന്നുവെന്ന് പറയുകയാണ് വിജയരാഘവൻ.

വിജയരാഘവൻ, എൻ എൻ പിള്ള
മലയാളികളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു കഥാപാത്രമാണ് ‘ഗോഡ്ഫാദർ’ എന്ന സിനിമയിലെ അഞ്ഞൂറാൻ. നടനും നാടകകൃത്തും നാടക സംവിധായകനുമെല്ലാം ആയ എൻഎൻ പിള്ളയാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. ഇപ്പോഴിതാ, അദ്ദേഹത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹത്തിന്റെ മകനും നടനുമായ വിജയരാഘവൻ.
അമ്മ മരിച്ച ശേഷം ഇരുപത്തിരണ്ടു ദിവസത്തോളം അച്ഛൻ ഭക്ഷണം പോലും കഴിക്കാതിരുന്നുവെന്ന് പറയുകയാണ് വിജയരാഘവൻ. ഉറക്കത്തിൽ അച്ഛൻ ഏങ്ങൽ അടിച്ചുകരയുമായിരുന്നു എന്നും ആ സമയം തങ്ങളെല്ലാവരും ഏറെ ഭയന്ന് പോയിരുന്നുവെന്നും നടൻ പറയുന്നു. തങ്ങളുടെ നിർബന്ധ പ്രകാരമാണ് അച്ഛൻ ഗോഡ്ഫാദർ സിനിമയിൽ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വള’യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലായിരുന്നു വിജയരാഘവൻ മനസുതുറന്നത്.
“അമ്മ മരിച്ച ശേഷമാണ് അച്ഛനെ ഗോഡ്ഫാദറിൽ അഭിനയിക്കാൻ വിളിച്ചത്. ഞങ്ങളുടെ നിർബന്ധപ്രകാരമാണ് അദ്ദേഹം പോയി അഭിനയിച്ചത്. അമ്മയുടെ മരണ ശേഷം അച്ഛൻ ഉറക്കത്തിൽ കൊച്ചു കുട്ടികളെ പോലെ ഏങ്ങലടിക്കുമായിരുന്നു. ലോകം കണ്ട മനുഷ്യൻ, യുദ്ധത്തിൽ പങ്കെടുത്ത മനുഷ്യൻ, ഒരു പത്ത് ജന്മത്തിലെ ജീവിതം ഒരു ജന്മത്തിൽ തീർത്ത വ്യക്തി. അത്രയും ശക്തനായ ഒരു വ്യക്തിയാണ് അമ്മ മരിച്ചപ്പോൾ കൊച്ചുകുട്ടിയെ പോലെ ഏങ്ങലടിച്ച് കരഞ്ഞത്. അതിനെ പ്രണയം എന്നാണോ സ്നേഹം എന്നാണോ വിശേഷിപ്പിക്കേണ്ടത്” വിജയരാഘവൻ ചോദിക്കുന്നു.
ALSO READ: ‘മോഹൻലാൽ നമ്മുടെ കുടുംബം നോക്കുമെന്ന് പറഞ്ഞു, പക്ഷെ തിരിഞ്ഞ് നോക്കിയില്ല’; ശാന്തി വില്യംസ്
അച്ഛനെ വിവാഹം കഴിക്കാനായി അമ്മ ഒമ്പത് വർഷത്തോളം കാത്തിരുന്നതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. “അമ്മയെ കല്യാണം കഴിച്ചോളാം എന്ന് പറഞ്ഞ് അച്ഛൻ മലേഷ്യയിലേക്ക് പോയപ്പോൾ ‘അമ്മ അച്ഛന് വേണ്ടി ഒമ്പത് വർഷം കാത്തിരുന്നിരുന്നിട്ടുണ്ട്. അവിടെ യുദ്ധത്തിൽ പങ്കെടുത്ത് അച്ഛൻ മരിച്ചുവെന്നാണ് എല്ലാവരും വിചാരിച്ചത്. അമ്മയുടെ അനിയത്തിമാരൊക്കെ വിവാഹം കഴിച്ചപ്പോഴും, അമ്മ അച്ഛൻ വരുന്നതും നോക്കി നിന്ന്. എഴുത്തൊന്നും വരാതെ ഇരുന്നപ്പോൾ മരിച്ചു പോയെന്നാണ് കരുതിയത്. പക്ഷെ അച്ഛൻ എന്തായാലും വരുമെന്ന് പറഞ്ഞ് അമ്മ കാത്തിരുന്നു” എന്നും വിജരാഘവൻ പറഞ്ഞു.