Violence In Cinema: ‘ദൃശ്യത്തിന് മുമ്പ് ആരും കുഴിച്ചിട്ടില്ലേ’ എന്ന് കലാഭവൻ ഷാജോൺ; സമൂഹത്തിലെ വയലൻസിന് കാരണം കുടുംബമെന്ന് വിജയരാഘവൻ
Vijayaraghavan And Kalabhavan Shajohn Response: സമൂഹത്തിൽ അക്രമം അധികരിക്കാനുള്ള കാരണം സിനിമയാണെന്ന ചർച്ചകളോട് പ്രതികരിച്ച് വിജയരാഘവനും കലാഭവൻ ഷാജോണും. സമൂഹത്തിൽ അക്രമം അധികരിക്കാനുള്ള പ്രധാന കാരണം കുടുംബമാണെന്ന് വിജയരാഘവൻ പറഞ്ഞു.

സമൂഹത്തിൽ അക്രമം അധികരിക്കാനുള്ള പ്രധാന കാരണം കുടുംബമാണെന്ന് വിജയരാഘവൻ. ദൃശ്യം മോഡൽ കൊലപാതകമെന്ന് പറയുമ്പോൾ ദൃശ്യത്തിന് മുൻപ് ആരും ആരെയും കുഴിച്ചിട്ടിട്ടില്ലേ എന്ന് കലാഭവൻ ഷാജോൺ ചോദിച്ചു. തങ്ങളുടെ ഏറ്റവും പുതിയ സിനിമയായ ഔസേപ്പിൻ്റെ ഒസ്യത്ത് എന്ന സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം.
“സമൂഹത്തിൽ അക്രമമുണ്ടാവുന്നതിൻ്റെ അടിസ്ഥാനപരമായ പ്രശ്നം കുടുംബമാണ്. പ്രതിചേർക്കപ്പെടുന്ന കുട്ടികളെയൊക്കെ നോക്കിക്കോ. ഇതിലെ പ്രധാന സംഭവം കുടുംബമാണ്. അത് അച്ഛനും അമ്മയും തീരുമാനിക്കണം, കുട്ടി എങ്ങനെയായിരിക്കണമെന്നത്. അവർ പഠിക്കുന്ന സ്കൂൾ, അവർ പോകുന്ന സാഹചര്യങ്ങൾ. അതിനെയൊക്കെ കൃത്യമായി പരിശോധിക്കണം. മയക്കുമരുന്നും കഞ്ചാവും കള്ളുമൊക്കെ ഇപ്പോൾ സുലഭമായി കിട്ടുന്നുണ്ട്. അപ്പോൾ അതിൻ്റെ ഉപയോഗം കൂടും. അതിനെ നിയന്ത്രിക്കാൻ സംവിധാനം വേണം. കുറ്റകൃത്യങ്ങളിൽ കൃത്യമായ ശിക്ഷയുണ്ടാവണം. ശിക്ഷയില്ലെങ്കിൽ അത് കൂടിക്കൊണ്ടിരിക്കും. ഇങ്ങനെയുള്ളവരെ പിന്തുണയ്ക്കാൻ ചിലരുണ്ട്. അതിൽ രാഷ്ട്രീയവും മതവുമൊക്കെയുണ്ട്. ഏതെങ്കിലും രീതിയിലുള്ള സഹായങ്ങളൊക്കെ കിട്ടും. ക്രൈം ചെയ്താൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഒരുപാടുണ്ട്. പോലീസ് എക്സൈസ് പോലുള്ള സംവിധാനങ്ങളുപയോഗിച്ച് ഇതിനെ അടിച്ചമർത്തേണ്ടതാണ്.”- വിജയരാഘവൻ പറഞ്ഞു.
“ദൃശ്യം മോഡൽ കൊലപാതകമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ദൃശ്യത്തിന് മുൻപ് ആരും എവിടെയും കൊണ്ടുപോയി കുഴിച്ചിട്ടിട്ടില്ലേ? ഏതെങ്കിലും സിനിമയിൽ അമ്മയെയും അനിയനെയും ചുറ്റിക കൊണ്ട് അടിച്ചുകൊല്ലുന്നത് കാണിച്ചിട്ടുണ്ടോ? മൊബൈൽ പിടിച്ചുവച്ചതിന് പ്രിൻസിപ്പലിനോട് ‘നിന്നെ പുറത്തിറങ്ങിയാൽ കൊന്നുകളയും’ എന്ന് ഏതെങ്കിലും സിനിമയിൽ നായകൻ പറഞ്ഞിട്ടുണ്ടോ? “- കലാഭവൻ ഷാജോൺ പ്രതികരിച്ചു.




Also Read: Anaswara Rajan: മമിത ബൈജുവും അനശ്വര രാജനും അകൽച്ചയിലാണോ? സത്യാവസ്ഥ ഇതാണ്
ശരത് ചന്ദ്രൻ ആർജെ സംവിധാനം ചെയ്യുന്ന സിനിമയാണ് ഔസേപ്പിൻ്റെ ഒസ്യത്ത്. ഫസൽ ഹസൻ്റേതാണ് തിരക്കഥ. വിജയരാഘവൻ, കലാഭവൻ ഷാജോൺ എന്നിവർക്കൊപ്പം ദിലീഷ് പോത്തൻ, കനി കുസൃതി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. മെയ്ഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്‌വാർഡ് അന്തോണിയാണ് സിനിമ നിർമ്മിയ്ക്കുന്നത്. ബി അജിത്ത് കുമാർ എഡിറ്റിങ് നിർവഹിക്കുമ്പോൾ അരവിന്ദ് കണ്ണബിരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ എന്നിവരാണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ മാസം ഏഴിന് സിനിമ തീയറ്ററുകളിലെത്തും.