VK Sreeraman-Mammooty: ‘മമ്മൂട്ടി വിളിച്ചു പറഞ്ഞ കാര്യം എഴുതണമെന്ന് തോന്നി, ഇത്ര ആപത്താകുമെന്ന് കരുതിയില്ല’; വികെ ശ്രീരാമൻ
VK Sreeraman on Note About Mammootty: രോഗാവസ്ഥയിൽ മമ്മൂട്ടിയ്ക്ക് ഒട്ടും ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നില്ലെന്ന് ശ്രീരാമൻ പറയുന്നു. അതെല്ലാം വരും പോകും എന്നൊരു ഭാവമായിരുന്നു അദ്ദേഹത്തിന്.

വികെ ശ്രീരാമൻ, മമ്മൂട്ടി
പൂർണ ആരോഗ്യവാനായി മമ്മൂട്ടി തിരികെ വരുന്നുവെന്ന വാർത്ത കേട്ടതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ വാർത്തയ്‌ക്കൊപ്പം തന്നെ നടൻ വി കെ ശ്രീരാമന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാന ടെസ്റ്റ് കൂടി പാസായ ശേഷം മമ്മൂട്ടി തന്നെ വിളിച്ചതിനെ കുറിച്ചായിരുന്നു നടന്റെ പോസ്റ്റ്. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം ആ പോസ്റ്റിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ, അതേക്കുറിച്ച് സംസാരിക്കുകയാണ് വി കെ ശ്രീരാമൻ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രോഗാവസ്ഥയിൽ മമ്മൂട്ടിയ്ക്ക് ഒട്ടും ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നില്ലെന്ന് ശ്രീരാമൻ പറയുന്നു. അതെല്ലാം വരും പോകും എന്നൊരു ഭാവമായിരുന്നു. എങ്കിലും ചിലപ്പോൾ ഭയം ഉണ്ടായിരുന്നിരിക്കാം. അഭിനേതാവായതിനാൽ ഇല്ലെന്ന് അഭിനയിച്ചതാകാമെന്നും നടൻ പറഞ്ഞു. എങ്കിലും, അദ്ദേഹത്തിന്റെ സംസാരത്തിൽ ആ ആശങ്ക പ്രകടമായിരുന്നില്ല. അദ്ദേഹം ചെറിയ തോതിൽ ഒരു സന്തോഷം പ്രകടിപ്പിച്ചത് അവസാന ടെസ്റ്റ് പാസായെന്ന് പറഞ്ഞ് വിളിച്ചപ്പോഴാണെന്നും ശ്രീരാമൻ പറയുന്നു.
കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അവസാന ടെസ്റ്റിന്റെ കാര്യമോ, അതിലാണ് പൂർണ രോഗ വിമുക്തനായി എന്ന് അറിയുകയെന്നോ തന്നോട് പറഞ്ഞിരുന്നില്ലെന്ന് നടൻ പറയുന്നു. ഉത്കണ്ഠ ഉള്ള ആളായിരുന്നെങ്കിൽ സംസാരത്തിനിടയിൽ അത് പറയുമായിരുന്നു. നിസ്കരിക്കുന്ന ആളാണ് അദ്ദേഹം. ആശങ്ക ഉണ്ടായിരുന്നെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കണം എന്ന് പറയാമായിരുന്നല്ലോ. ഒന്നും പറഞ്ഞിരുന്നില്ല. അതാണ് അദ്ദേഹത്തിന്റെ രീതിയെന്നും ശ്രീരാമൻ കൂട്ടിച്ചേർത്തു.
ALSO READ: തിരിച്ചുവരവിന് സമയമായി, മമ്മൂട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലായിരുന്നു, സ്ഥിരീകരണവുമായി സഹോദരൻ
കഴിഞ്ഞ ദിവസങ്ങളിലെല്ലാം അദ്ദേഹം വിളിച്ച് സംസാരിച്ചിരുന്നുവെന്ന് നടൻ പറയുന്നു. വീട്ടിലിരിക്കുന്നതിനാൽ ഇടയ്ക്ക് വിളിച്ച്, പല കാര്യങ്ങളെ കുറിച്ചും സംസാരിക്കും. കഴിഞ്ഞ ദിവസം ജർമനിയിലും സ്വീഡനിലുമുണ്ടാക്കുന്ന ക്യാമറകളെ കുറിച്ചായിരുന്നു സംസാരം. രോഗം സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ താൻ കേട്ടിരിക്കുക മാത്രമാണ് ചെയ്യുക. കൂടുതൽ ചോദിച്ചറിയാൻ ശ്രമിക്കാറില്ല. അതൊരു വിഷയമല്ലെന്ന ഭാവത്തിലിരിക്കും. ഇതെല്ലാം മറികടന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് ഒരു തോന്നൽ ഉണ്ടായിരുന്നു. ആ വിശ്വാസം ഉള്ളതുകൊണ്ട് തന്നെ ഒന്നും ചോദിക്കാറില്ലെന്നും വി കെ ശ്രീരാമൻ പറഞ്ഞു.
അവസാന ടെസ്റ്റും പാസായെന്ന് പറഞ്ഞ് വിളിക്കുന്ന സമയത്ത് താൻ ഓട്ടോറിക്ഷയിൽ യാത്രയിലായിരുന്നുവെന്നും നടൻ പറയുന്നു. ആകാംഷ കാണിക്കാനുള്ള വൈമുഖ്യം കൊണ്ട് ഇതൊക്കെ തനിക്ക് നേരത്തെ അറിയാമെന്നാണ് പറഞ്ഞത്. ഇതോടെ, നീ പടച്ചോൻ ആണല്ലോ എന്ന് പറഞ്ഞ് തന്നെ ചീത്തവിളിച്ചു. അത് എഴുതണം എന്ന് തോന്നി. ദൈവം രക്ഷിച്ചെന്നോ ആധുനിക വൈദ്യശാസ്ത്രം രക്ഷിച്ചുവെന്നൊക്കെയുള്ള പരമ്പരാഗത രീതി ഉപയോഗിക്കേണ്ടെന്ന് കരുതി. എന്നാൽ, അത് ഇത്ര ആപത്താകുമെന്ന് കരുതിയില്ല എന്നും വികെ ശ്രീരാമൻ കൂട്ടിച്ചേർത്തു.