Saradakutty-Renu Sudhi: ‘കാലത്തിനൊത്ത കോലം കെട്ടാനും വേണം ഒരു സാമർഥ്യം, ചില്ലറ ധൈര്യം പോരാ’: രേണു സുധിയെ കുറിച്ച് ശാരദകുട്ടി
Writer Saradakutty About Renu Sudhi: കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നതെന്നും, അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

എസ് ശാരദക്കുട്ടി, രേണു സുധി
കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. നിരവധി വിമർശനങ്ങളും ട്രോളുകളും ഉയരുന്നുണ്ടെങ്കിലും അവയൊന്നും വകവയ്ക്കാതെ മുന്നോട്ട് പോവുകയാണ് രേണു. ഈ അവസരത്തിൽ രേണു സുധിയെ കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരി എസ് ശാരദക്കുട്ടി. കോമഡി പ്രോഗാമുകൾ ശ്രദ്ധിക്കാത്തത് കൊണ്ടുതന്നെ കൊല്ലം സുധിയെ തനിക്ക് അറിയില്ലെന്നും, എന്നാൽ രേണുവിനെ അറിയാമെന്നും അവർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധിയാക്കിയത് താൻ ആണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്തിടെ ദാസേട്ടൻ കോഴിക്കോട് രംഗത്തെത്തിയിരുന്നു. എന്നാൽ, കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നതെന്നും, അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നും ശാരദക്കുട്ടി പറഞ്ഞു. രേണു സുധി നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ കാര്യമാക്കാതെ അവരുടെ സമയം പരമാവധി പ്രയോജനപ്പെടുത്തി മുന്നോട്ട് പോവുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരെന്ന് അവർ പറയുന്നു. കാലത്തിനൊത്ത കോലം കെട്ടാനും ഒരു സാമർഥ്യം വേണമെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.
“ചാനലുകളിലെ കോമഡി പ്രോഗ്രാമുകൾ ശ്രദ്ധിക്കാത്തതു കൊണ്ടാകും കൊല്ലം സുധിയെ എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻ്റെ മരണ ദിവസം മുതൽ രേണു സുധിയെ എനിക്ക് അറിയാം. പെർഫോമർ ആയ രേണു സുധിയുടെ ഭർത്താവ് എന്ന നിലയിലല്ലാതെ ഞാൻ കൊല്ലം സുധിയെ ഒരു പെർഫാമറായി കണ്ടിട്ടേയില്ല. രേണു സുധിയുടെ റീൽസും വീഡിയോസും നമ്മൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും നമുക്കു കാണാതിരിക്കാൻ നിർവ്വാഹമില്ല. കാരണം അത്തരത്തിൽ തിക്കിത്തിരക്കി അത് നമ്മളിലേക്ക് വരുന്നുണ്ട്.” ശാരദക്കുട്ടി പറയുന്നു.
ALSO READ: ’17 വർഷമായി ശുദ്ധ വെജിറ്റേറിയൻ, ഭക്ഷണം ശുദ്ധമാണെങ്കിൽ മനസും ശുദ്ധമാകും’; അഖില ശശിധരൻ
രേണു സുധിയെ ഇന്ന് കാണുന്ന രേണു സുധി ആക്കിയത് താൻ ആണെന്ന് ദാസ് എന്ന ഒരു ആർട്ടിസ്റ്റ് അവകാശപ്പെടുന്നതു കണ്ടു. തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെയെങ്കിലും എത്തിപ്പെട്ടാൽ ഉടൻ വരും രക്ഷാകർത്താക്കൾ. എന്തായാലും ഇപ്പോൾ രേണു സുധിയുടെ പേരിലാണ് കൊല്ലം സുധിയും ദാസ് കോഴിക്കോടും അറിയപ്പെടുന്നത്. അത് അല്ലാതെയാക്കാൻ ശ്രമിച്ചിട്ട് ഒരു കാര്യവുമില്ല” അവർ പറഞ്ഞു.
“പൊട്ടിപ്പൊണ്ണെന്ന മട്ടിൽ ഒന്നാന്തരം ഗെയിമുകൾ കളിക്കാൻ അറിയാവുന്ന രേണുസുധി ആളുകളിയും ആണുകളിയും മൂത്താൽ ഇപ്പോൾ പറയുന്നതിലും മികച്ച വർത്തമാനം പറഞ്ഞുതുടങ്ങും. ഹ്രസ്വകാലത്തേക്കാണെങ്കിൽ പോലും തൻ്റെ നിലം ഒരുക്കിയെടുക്കാൻ താൻ പെടുന്ന പാട് അവർക്ക് അറിയാം. കാലത്തിനൊത്ത കോലം കെട്ടാനും ഒരു സാമർഥ്യം വേണം. അതിനിടയിൽ, നമ്മുടെ ഇഷ്ടമോ ഇഷ്ടക്കേടോ വെറുപ്പോ രേണു സുധി കാര്യമാക്കുന്നില്ല. അവർ തൻ്റെ സമയം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. അതിന് ചില്ലറ ധൈര്യമൊന്നും പോരാ” ശാരദക്കുട്ടി കൂട്ടിച്ചേർത്തു.