Manipur Violence: മണിപ്പുരിൽ സൈനിക ക്യാംപിന് നേരെ ആക്രമണം; 11 കുക്കി വിഭാഗക്കാരെ വെടിവച്ച് കൊലപ്പെടുത്തി
Manipur Violence: ജിരിബാമിൽ കുക്കികൾ സൈനിക ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നു.

Representative Image: (image credits: NurPhoto)
ഇംഫാൽ: മണിപ്പൂരിൽ സൈനിക ക്യാപിന് നേരെ ആക്രമണം. ഏറ്റുമുട്ടലിൽ 11 കുക്കികളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 നാണ് മണിപ്പുരിലെ ജിരിബാമിൽ കുക്കികൾ സൈനിക ക്യാമ്പ് ആക്രമിച്ചത്. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു. ആയുധങ്ങളുമായെത്തിയ കുക്കികൾ സൈനിക ക്യാംപിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
ജിരിബാമിലെ ബോറോബെക്രയിലുള്ള പോലീസ് സ്റ്റേഷൻ കലാപകാരികൾ ആക്രമിച്ചിരുന്നു. ഇതിനു പുറമെ ജകുരധോറിലെ മെയ്തെയ് വിഭാഗത്തിൽപ്പെട്ടവരുടെ നാല് വീടുകൾക്ക് തീയിടുകയും ചെയ്തിരുന്നു. സ്റ്റേഷന് സമീപത്തെ ദുരുതാശ്വാസ ക്യാമ്പ് ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. കൊല്ലപ്പെട്ട കുക്കികളുടെ കയ്യിൽ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരുക്കേറ്റ സിആർപിഎഫ് ജവാൻ ചികിത്സയിലാണ്. ഇദ്ദേഹത്തെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം ഇതിനു മുൻപ് ഈ പോലീസ് സ്റ്റേഷൻ അക്രമിക്കാൻ സംഘം ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ കർഷകന് വെടിവയ്പ്പിൽ പരുക്കേറ്റിരുന്നു. ആയുധങ്ങളുമായി എത്തിയ ഒരു വിഭാഗം പേരാണ് കുന്നിൻ മുകളിൽ നിന്ന് കർഷകന് നേരെ വെടിയുതിർത്തത്. ഇംഫാൽ താഴ്‌വരയിലെ വയലുകളിൽ ജോലി ചെയ്യുന്ന കർഷകർക്ക് നേരെ മലനിരകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണ്. പ്രദേശത്ത് മൂന്ന് ദിവസമായി ഇത്തരത്തിൽ മലമുകളിൽ നിന്ന് വെടിവെയ്പ്പുണ്ടാകുന്നത്. കഴിഞ്ഞ ശനിയാഴ്ച, ചുരാചന്ദ്പുർ ജില്ലയിലെ കുന്നിൻമുകളിൽ നിന്ന് സായുധസംഘം നടത്തിയ വെടിവയ്പ്പിൽ ബിഷ്ണുപൂർ സൈറ്റണിലെ നെൽവയലിൽ ജോലി ചെയ്യുകയായിരുന്ന കർഷക കൊല്ലപ്പെട്ടിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ സനസാബി, സാബുങ്കോക്ക് ഖുനൂ, തമ്‌നപോക്പി പ്രദേശങ്ങളിലും സമാനമായ ആക്രമണങ്ങൾ ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്. അതേസമയം∙ മണിപ്പുരിലെ ജിരിബാമിൽ മാർ ഗോത്രവിഭാഗത്തിലെ യുവതിയെ ചുട്ടുകൊന്നിരുന്നു. മെയ്തെയ് സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിന്നിലെന്ന് കുക്കി സംഘടനകൾ ആരോപിക്കുന്നത്. കുക്കി ഗോത്രവിഭാഗവുമായി ബന്ധപ്പെട്ടവരാണു മാർ ഗോത്രം. 17 വീടുകൾ തീയിട്ടു നശിപ്പിച്ചു. ജില്ലാ ആസ്ഥാനത്തുനിന്ന് 7 കിലോമീറ്റർ അകലെ സെയ്റാൻ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. സമീപത്തുണ്ടായിരുന്ന സിആർപിഎഫ് ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.