Pocso Case: വിവാഹം കഴിഞ്ഞിട്ട് രണ്ട് ദിവസം; 17-കാരി മരിച്ച നിലയിൽ, പോക്‌സോ കേസ്
Pocso Case: ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. ജുലൈ 15നായിരുന്നു പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്.

പ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം 17കാരി മരിച്ച നിലയിൽ. ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.
ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയുടെ ബന്ധുകൂടിയാണ്. ജുലൈ 15നായിരുന്നു പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്നാണ് വിവരം. ഇതോടെ പെട്ടെന്ന് കുട്ടിക്ക് രക്തസ്രാവം ഉണ്ടാകുകയായിരുന്നു.
സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റി. 17ന് മരിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരെ പരാതി നൽകി.
പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് വിവാഹം നടന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതോടെ ശക്തിവേലിനെ പോക്സോ പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. എട്ടാംക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു.