School bullying: സഹപാഠികളുടെ പരിഹാസം; 9 വയസ്സുകാരി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കി
School bullying: ക്ലാസിലെ കുട്ടികൾ ദിവസവും തന്നെ പരിഹസിക്കുന്നുവെന്നും സഹിക്കാൻ സാധിക്കുന്നതിലും അപ്പുറമാണെന്ന് മകൾ വീട്ടിൽ വന്ന് കരഞ്ഞു പറഞ്ഞിരുന്നു എന്ന് അമ്മ ശിവാനി ആരോപിച്ചു.

പ്രതീകാത്മക ചിത്രം
ജയ്പുർ: സ്കൂളിൽ സഹപാഠികളുടെ കളിയാക്കലുകളും ലൈംഗികചുവ കലർന്ന പരിഹാസവും സഹിക്കാൻ വയ്യാതെ 9 വയസ്സുകാരി ജീവനൊടുക്കി. ജയ്പൂരിലെ നീരജ മോഡി സ്കൂളിലാണ് സംഭവം. അമ്റ എന്ന പെൺകുട്ടിയാണ് സ്കൂൾ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവിതം അവസാനിപ്പിച്ചത്. കൂട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായ അധിക്ഷേപങ്ങളാണ് ഈ കുട്ടിയെ ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചത് എന്നാണ് സൂചന.
മരിക്കുന്നതിന് തൊട്ടുമുമ്പായി കുട്ടി ക്ലാസ് ടീച്ചറിന് സമീപത്തേക്ക് ചെല്ലുന്നതും സംസാരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ കുട്ടി എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്താൻ അധ്യാപിക ഇനിയും തയ്യാറായിട്ടില്ല. ക്ലാസിലെ കുട്ടികൾ ദിവസവും തന്നെ പരിഹസിക്കുന്നുവെന്നും സഹിക്കാൻ സാധിക്കുന്നതിലും അപ്പുറമാണെന്ന് മകൾ വീട്ടിൽ വന്ന് കരഞ്ഞു പറഞ്ഞിരുന്നു എന്ന് അമ്മ ശിവാനി ആരോപിച്ചു.
ആ സ്കൂളിലേക്ക് തന്നെ ഇനി വിടരുത് എന്ന് മകൾ കരയുന്നതിന് ശബ്ദ സന്ദേശം അടക്കം സ്കൂൾ അധികൃതർക്ക് കൈമാറിയിരുന്നുവെങ്കിലും അധികൃതർ അത് ഗൗനിച്ചില്ലെന്നും സ്കൂളിലെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് പറഞ്ഞ് അത് അധികൃതർ തള്ളിക്കളഞ്ഞുവെന്നും അമ്മ ശിവാനി പറയുന്നു.
അതേസമയം അയ്യായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കൈവരികളോ മറ്റു സുരക്ഷാ സംവിധാനങ്ങളും ഒന്നുമില്ലാതെ എങ്ങനെയാണ് കുട്ടി മുകൾ നിലയിലേക്ക് എത്തിയത് എന്നും സിസിടിവിക്ക് എങ്ങനെയാണ് പെട്ടെന്ന് ശബ്ദം ഇല്ലാതായത് എന്നു തുടങ്ങി നിരവധി ദുരൂഹതകൾ ആണ് കുടുംബം ആരോപിക്കുന്നത്.
സംഭവത്തിൽ സമഗ്രവും നീതിപൂർവവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ജയ്പൂർ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും വ്യക്തമാക്കി. 9 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം സ്കൂളിൽ കുട്ടികൾ പരസ്പരം അശ്ലീല പദങ്ങൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തിരുന്നുവെന്നും മോശമായ സംസാരങ്ങൾ ഉണ്ടായിരുന്നുവെന്നും ചില കുട്ടികൾ പറഞ്ഞതായി അവരുടെ മാതാപിതാക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.