Viral News: ദേ വന്നു, ദാ പോയി; രണ്ടായിരം കോടി രൂപയല്ലേ ആ പോയത് !
Account Glitch: മധ്യപ്രദേശിലെ ധാംനോഡ് എന്ന പട്ടണത്തിലെ നോട്ടറി അഭിഭാഷകനാണ് വിനോദ്. ഒരു സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയാണ് ഇദ്ദേഹം. പതിവുപോലെ തന്റെ ഡീമാറ്റ് അക്കൗണ്ട് തുറന്നപ്പോഴാണ് വിനോദ് ഡോംഗ്ലെ അതില്‍ 2817 കോടി രൂപ കണ്ടത്

Indian Rupee
കുറച്ചു നേരത്തേക്ക് ശതകോടീശ്വരനായതിന്റെ സന്തോഷവും, എന്നാല്‍ ആ പണമെല്ലാം ഒറ്റയടിക്ക് പോയതിന്റെ ദുഃഖവും ഒരുപോലെ അനുഭവിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ വിനോദ് ഡോംഗ്ലെ. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ധാംനോഡ് എന്ന പട്ടണത്തിലെ നോട്ടറി അഭിഭാഷകനാണ് വിനോദ്. ഒരു സ്വകാര്യ സ്‌കൂള്‍ ഉടമ കൂടിയാണ് ഇദ്ദേഹം. പതിവുപോലെ തന്റെ ഡീമാറ്റ് അക്കൗണ്ട് തുറന്നപ്പോഴാണ് വിനോദ് ഡോംഗ്ലെ അതില്‍ 2817 കോടി രൂപ കണ്ടത്.
ഇതും കണ്ടതും വിനോദിന്റെ കണ്ണു തള്ളി. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഹർസിൽ അഗ്രോ ലിമിറ്റഡിന്റെ 1312 ഓഹരികളുണ്ടായിരുന്നു. ഓരോ ഓഹരിക്കും എങ്ങനെയോ രണ്ട് കോടിയിലേറെ രൂപയുടെ മൂല്യം വന്നു. അങ്ങനെയാണ് വിനോദ് രണ്ടായിരം കോടിയിലേറെ രൂപയുടെ ബില്യണറായത്.
സംഭവിച്ചത് സാങ്കേതിക പ്രശ്‌നമായിരുന്നെങ്കിലും വിനോദിന് അത് മനസിലായില്ല. തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ലെന്നും, ഒറ്റരാത്രി കൊണ്ട് തന്റെ വിധി മാറിയെന്നുമാണ് കരുതിയതെന്നും അദ്ദേഹം പ്രതികരിച്ചു. ലോകത്തിലെ എല്ലാ ലോട്ടറിയും ഒരുമിച്ച് നേടിയതുപോലെയാണ് തോന്നിയതെന്നും വിനോദ് പറഞ്ഞു.
Also Read: Bengaluru Techie: പകല്‍ ടെക്കി രാത്രി ഡ്രൈവര്‍; ബെംഗളൂരുവില്‍ ടാക്‌സി ഓടിച്ച് എഞ്ചിനീയര്‍മാര്‍
എന്തായാലും, സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെട്ടു. അതോടെ അക്കൗണ്ടില്‍ കണ്ട കോടികളെല്ലാം വന്ന പോലെ തിരികെ പോയി. ഇത് കണ്ട് നെടുവീര്‍പ്പിടാനല്ലാതെ വിനോദിന് മറ്റൊന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഡിജിറ്റൽ മാജിക്ക് എന്നാണ് ഈ നിമിഷത്തെ വിനോദ് വിശേഷിപ്പിച്ചത്.