Bengaluru Techie: പകല്‍ ടെക്കി രാത്രി ഡ്രൈവര്‍; ബെംഗളൂരുവില്‍ ടാക്‌സി ഓടിച്ച് എഞ്ചിനീയര്‍മാര്‍
Bengaluru Techie Workers Night Jobs: രണ്ട് വര്‍ഷം മുമ്പാണ് ജോലി സംബന്ധമായി വിജയവാഡയില്‍ നിന്ന് അഭിനവ് രവീന്ദ്രന്‍ എന്ന 27കാരന്‍ ബെംഗളൂരുവിലേക്ക് എത്തുന്നത്. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് ജോലിയില്‍ രാവും പകലും തിരക്ക് തന്നെയാണ് അഭിനവിന്.
ബെംഗളൂരു: ടാക്‌സികള്‍ ഓടിക്കുന്ന ടെക്കികളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പകല്‍ മുഴുവന്‍ എഞ്ചിനീയര്‍മാരായി ജോലി ചെയ്യുന്ന ഇവര്‍ രാത്രിയില്‍ ടാക്‌സികള്‍ ഓടിക്കുന്നത് എല്ലാവരിലും ആശ്ചര്യമുണ്ടാക്കുന്നു. എന്നാല്‍ എന്തുകൊണ്ടായിരിക്കും വലിയ തുക തന്നെ ശമ്പളം വാങ്ങിക്കുന്ന ടെക്കികള്‍ ടാക്‌സി ഡ്രൈവര്‍മാരുടെ കുപ്പായമണിയുന്നത്? എല്ലാവരും തിരയുന്ന ആ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അഭിനവ് രവീന്ദ്രന്‍ എന്ന യുവാവ്.
രണ്ട് വര്‍ഷം മുമ്പാണ് ജോലി സംബന്ധമായി വിജയവാഡയില്‍ നിന്ന് അഭിനവ് രവീന്ദ്രന്‍ എന്ന 27കാരന്‍ ബെംഗളൂരുവിലേക്ക് എത്തുന്നത്. സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ് ജോലിയില്‍ രാവും പകലും തിരക്ക് തന്നെയാണ് അഭിനവിന്. എന്നാല്‍ സുദ്ദഗുണ്ടേപാളയത്തുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്നത് അദ്ദേഹത്തില്‍ ഗൃഹാതുരത്വം ഉളവാക്കി.
ആ വാടക വീട്ടിലെ ഏകാന്തയും ജോലി സ്ഥലത്തെ സമ്മര്‍ദവുമെല്ലാം മറികടക്കാനായി മറ്റൊരു ജോലി കണ്ടെത്തുന്നതിനായി അഭിനവിനെ പ്രേരിപ്പിച്ചു. അങ്ങനെയാണ് അഭിനവ് എന്ന ടെക്കി ടാക്‌സി ഓടിക്കാന്‍ ആരംഭിച്ചത്. പകല്‍ സമയത്ത് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ രാത്രിയില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ, ക്യാബ് ആപ്പായ നമ്മ യാത്രിയില്‍ രജിസ്റ്റര്‍ ചെയ്താണ് അഭിനവിന്റെ സഞ്ചാരം.




ആഴ്ചയില്‍ രണ്ട് രാത്രികള്‍ മാത്രമാണ് അദ്ദേഹം ടാക്‌സി ഓടിക്കുന്നതിനായി പോകുന്നത്. അഭിനവ് മാത്രമല്ല ടാക്‌സികള്‍ ഓടിച്ച് വിരസത മാറ്റുന്ന ഒരേയൊരു ടെക്കി, നഗരത്തിലെ ഒട്ടുമിക്ക എഞ്ചിനീയര്‍മാരും തങ്ങളുടെ പല രാത്രികളിലും ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഓല, ഊബര്‍, റാപ്പിഡോ, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ടാക്‌സി ഡ്രൈവര്‍മാരായി രജിസ്റ്റര്‍ ചെയ്താണ് പലരുടെയും സേവനം.
ഏകാന്തതയും വിരസതയും അകറ്റാനായാണ് പലരും ഈ ജോലി തിരഞ്ഞെടുക്കുന്നത്. യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവെച്ച് അപരിചതരുമായി ഇടപെടുന്നത് വഴി ആശ്വാസം കണ്ടെത്തുകയാണ് പലരും. ബെംഗളൂരുവിലെ ടെക്കികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. അവര്‍ ഒരിക്കലും യൂണിയനില്‍ രജിസ്റ്റര്‍ ചെയ്യാറില്ല. കാരണം അവര്‍ക്കതിന്റെ ആവശ്യമില്ലെന്ന് കര്‍ണാടക സ്‌റ്റേറ്റ് ഓട്ടോ ആന്‍ഡ് ടാക്‌സി ഫെഡറേഷന്‍ പ്രസിഡന്റും ഓല ഊബര്‍ ഡ്രൈവര്‍മാരുടെയും ഓണേഴ്‌സ് അസോസിയേഷന്റെയും പ്രസിഡന്റ് കൂടിയായ തന്‍വീര്‍ പാഷ ഇന്ത്യാ ടുഡേയോട് പറഞ്ഞു.