Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
Tata Group Announces Rs 1 Crore Financial Support: അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും അറിയിച്ചു.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ് മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതമാണ് ധനസഹായം നൽകുക. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. കൂടാതെ, അപകടത്തെ തുടർന്ന് തകർന്ന ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടം പുനർനിർമ്മിക്കുമെന്നും വ്യക്തമാക്കി.
“എയർ ഇന്ത്യ ഫ്ലൈറ്റ് 171 ഉൾപ്പെട്ട ദാരുണമായ സംഭവത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും. ഈ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ വീതം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾ വഹിക്കുകയും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ, ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നിർമ്മാണത്തിനും പിന്തുണ നൽകും. ഈ സമയത്ത് ദുരിതബാധിത കുടുംബങ്ങളോടും സമൂഹത്തോടുമൊപ്പം നിലകൊള്ളുന്നു.” ടാറ്റ ഗ്രൂപ്പ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ALSO READ: സീറ്റ് നമ്പർ 11-ൽ ഇരുന്നയാൾ രക്ഷപ്പെട്ടു? അഹമ്മദാബാദ് പോലീസ് പറയുന്നതിങ്ങനെ
ടാറ്റ ഗ്രൂപ്പ് പങ്കുവെച്ച പോസ്റ്റ്:
We are deeply anguished by the tragic event involving Air India Flight 171.
No words can adequately express the grief we feel at this moment. Our thoughts and prayers are with the families who have lost their loved ones, and with those who have been injured.
Tata Group will…
— Tata Group (@TataCompanies) June 12, 2025
അതേസമയം, മൃതദേഹങ്ങൾ കൈമാറുന്നതിൻ്റെ ഭാഗമായി അപകടത്തിൽ മരിച്ചവരെ കണ്ടെത്താൻ വേണ്ടി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ തുടങ്ങി. ബിജെ മെഡിക്കൽ കോളേജിലെ കസോതി ഭവനിലാണ് സാമ്പിൾ ശേഖരണ നടപടികൾ ആരംഭിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗർ ഫോറൻസിക് ലാഭിലാണ് പരിശോധന നടത്തുക. അപകടത്തിൽപെട്ട വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ ഒഴികെ ബാക്കി 241 പേരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന ചിലരും കൊല്ലപ്പെട്ടതായി സംശയമുണ്ട്.