JNU Protest: പ്രതിഷേധത്തിനിടെ മോദിവിരുദ്ധ മുദ്രാവാക്യം; ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസ്
Anti Modi Slogans In JNU: മോദിവിരുദ്ധ മുദ്രാവാക്യം മുഴക്കിയ ജെഎൻയു വിദ്യാർത്ഥികൾക്കെതിരെ കേസ്. ക്യാമ്പസിൽ നടന്ന പ്രതിഷേധത്തിനിടെയാണ് മുദ്രാവാക്യം ഉയർന്നത്.
ഡൽഹി ജെഎൻയു ക്യാമ്പസിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. ജെഎൻയു ചീഫ് സെക്യൂരിറ്റി ഓഫീസറാണ് വിദ്യാർത്ഥികൾക്കെതിരെ പരാതിപ്പെട്ടത്. തുടർന്ന് വസന്ത് കുഞ്ജ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
2020 ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതി ചേർക്കപ്പെട്ട ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഈ മാസം അഞ്ചിന് വൈകിട്ട് നടന്ന പ്രതിഷേധപ്രകടനത്തിനിടെ വിദ്യാർത്ഥികൾ മുഴക്കിയ മുദ്രാവാക്യങ്ങളാണ് വിവാദമായത്.
പ്രതിഷേധ പ്രകടനത്തിനിടെ ഭരണഘടനാസ്ഥാപനങ്ങളെയും സുപ്രീം കോടതിയെയും പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമൊക്കെ അവഹേളിക്കുന്ന തരത്തിൽ, വിദ്യാർത്ഥികൾ മുദ്രാവാക്യങ്ങൾ മുഴക്കിയെന്നാരോപിച്ച് സർവകലാശാല അധികൃതർ ഡൽഹി പോലീസിന് കത്തെഴുതിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും രാജ്യവിരുദ്ധ പ്രവർത്തനങ്ങളും അക്രമവും അനുവദിക്കില്ലെന്നതായിരുന്നു അധികൃതരുടെ നിലപാട്. മുദ്രാവാക്യം വിളിച്ചവരിൽ പല വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു എന്നാണ് സർവകലാശാല പറയുന്നത്. ഇതിൽ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് അതിഥി മിശ്ര ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ട്.
പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത് മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞു. സസ്പെൻഷൻ, പുറത്താക്കൽ, സ്ഥിരമായ വിലക്ക് തുടങ്ങിയ അച്ചടക്കനടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.