Astra Missile: അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം; പുത്തന്‍ ചുവടുവെപ്പുമായി ഇന്ത്യ
Successfully Tested Astra Missile: തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കറിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട സിആര്‍ഡിഒയ്ക്കും ഐഎഎഫിനും മറ്റ് വ്യവസായങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു.
ന്യൂഡല്‍ഹി: തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) സീക്കര്‍ ഘടിപ്പിച്ച ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍ അസ്ത്രയുടെ പറക്കല്‍ പരീക്ഷണം വിജയകരം. ഇന്ത്യന്‍ വ്യോമസേനയും (ഐഎഎഫ്) പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) സംയുക്തമായാണ് പരീക്ഷണം നടത്തിയത്. ഒഡീഷ തീരത്തുള്ള എസ് യു 30 എംകെ 1 പ്ലാറ്റ്‌ഫോമില്‍ നിന്നായിരുന്നു പരീക്ഷണം.
100 കിലോമീറ്റര്‍ കൂടുതല്‍ ദൂരപരിധിയുള്ള ഈ മിസൈലില്‍ അത്യാധുനിക മാര്‍ഗനിര്‍ദേശ, നാവിഗേഷന്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വ്യത്യസ്ത ശ്രേണികളിലും ലക്ഷ്യങ്ങളിലും അതിവേഗ ആളില്ലാ ആകാശ ലക്ഷ്യങ്ങള്‍ക്കെതിരെ രണ്ട് വിക്ഷേപണങ്ങള്‍ നടത്തിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
രണ്ട് സാഹചര്യങ്ങളിലും മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യങ്ങളില്‍ പതിച്ചുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഡിആര്‍ഡിഒയുടെ വിവിധ ലബോറട്ടറികള്‍ക്ക് പുറമേ, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഉള്‍പ്പെടെ 50ലധികം പൊതു-സ്വകാര്യ വ്യവസായങ്ങളും ആസ്ത്രയുടെ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്.




തദ്ദേശീയ റേഡിയോ ഫ്രീക്വന്‍സി സീക്കറിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ട സിആര്‍ഡിഒയ്ക്കും ഐഎഎഫിനും മറ്റ് വ്യവസായങ്ങളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രശംസിച്ചു. തദ്ദേശീയമായ ഒരു സീക്കറുമായി മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് പ്രതിരോധ സംവിധാനത്തിലെ നിര്‍ണായകമായ നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.