Delhi Rain: ശക്തമായ മഴ, 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് നിർദേശവുമായി ഡൽഹി എയർപോർട്ട്
Flights Diverted From Delhi Airport: അഞ്ച് വിമാനങ്ങൾ ലഖ്‌നൗവിലേക്കും രണ്ട് വിമാനങ്ങൾ ചണ്ഡീഗഡിലേക്കും ആണ് വഴിതിരിച്ചുവിട്ടിരിക്കുന്നത്. വിമാനങ്ങളുടെ ഷെഡ്യൂളിൽ മാറ്റമുണ്ടോയെന്ന് അറിയുന്നതിന് യാത്രക്കാർ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്.

Rain
ന്യൂഡൽഹി: ശക്തമായ മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. എട്ട് വിമാനങ്ങൾ ജയ്പൂരിലേക്കും അഞ്ച് വിമാനങ്ങൾ ലഖ്‌നൗവിലേക്കും രണ്ട് വിമാനങ്ങൾ ചണ്ഡീഗഡിലേക്കും ആണ് വഴിതിരിച്ചുവിട്ടിരിക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച മഴ വൈകുന്നേരമായിട്ടും കുറയാതെ വന്നതോടെയാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്.
കനത്ത മഴയെത്തുടർന്ന് ഡൽഹിയുടെ പല പ്രദേശങ്ങളിലും വൻ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടു. കാലാവസ്ഥ മോശമായതിനാൽ വിമാന സർവീസുകളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഡൽഹി വിമാനത്താവള അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മാറ്റണോ? വൈകാതെ അതിനും സാധിക്കുമെന്ന് റെയില്‍വേ
വിമാനങ്ങളുടെ ഷെഡ്യൂളിൽ മാറ്റമുണ്ടോയെന്ന് അറിയുന്നതിന് യാത്രക്കാർ അതത് വിമാന കമ്പനികളുമായി ബന്ധപ്പെടാനും നിർദേശമുണ്ട്. ഗതാഗത കുരുക്ക് രൂക്ഷമായതിനാൽ വിമാനത്താവളത്തിൽ എത്താൻ പൊതുജനങ്ങൾ ഡൽഹി മെട്രോയാണ് കൂടുതലും ആശ്രയിക്കുന്നത്. സംസ്ഥാനത്ത് പല പ്രദേശങ്ങളിലും ഓറഞ്ച് യെല്ലോ അലർട്ടുകൾ നിലനിൽക്കുന്നുണ്ട്.
ഹിമാചലിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; നിരവധി മരണം
ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ ബസിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 15 പേർക്ക് ദാരുണാന്ത്യം. ബിലാസ്പൂരിലെ ജണ്ടുത സബ്ഡിവിഷനിലെ ബലുഘട്ട് പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. മുപ്പതോളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട മൂന്ന് പേരും കുട്ടികളാണെന്നാണ് റിപ്പോർട്ട്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ബസ് പൂർണമായും തകർന്ന നിലയിലാണ്.