Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Bangalore-Chennai Expressway Phase 3 Set for July Completion: നേരത്തെ ഭൂമി ഏറ്റെടുക്കൽ, വനം-പരിസ്ഥിതി അനുമതികൾ, വൈദ്യുതി ലൈനുകൾ മാറ്റൽ എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പാതയുടെ നിർമ്മാണം നടക്കുന്നത്.

Chennai Bengaluru Expressway
ബെംഗളൂരു: ദക്ഷിണേന്ത്യയിലെ രണ്ട് പ്രധാന മെട്രോ നഗരങ്ങളായ ബെംഗളൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന അതിവേഗ പാതയുടെ മൂന്നാം ഘട്ട പ്രവൃത്തികൾ നിർണ്ണായക ഘട്ടത്തിലേക്ക്. പാതയുടെ മൂന്നാം ഘട്ടത്തിലെ 90 ശതമാനം ജോലികളും വരാനിരിക്കുന്ന ജൂലൈ മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ അറിയിച്ചു. 262 കിലോമീറ്ററാണ് ആകെ ദൈർഘ്യം. ഏകദേശം 18,000 കോടി രൂപ ചിലവാകും ഇതിനായി.
മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയാണ് ഉദ്ദേശിക്കുന്നത്. ഇത് വരുന്നതോടെ നിലവിൽ 6-7 മണിക്കൂർ എടുക്കുന്ന യാത്രാ സമയം വെറും 2 മുതൽ 3 മണിക്കൂർ വരെയായി കുറയും. 106 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം ഘട്ടം നാല് പാക്കേജുകളായാണ് നിർമ്മിക്കുന്നത്. ഇതിൽ 12 കിലോമീറ്റർ ആന്ധ്രാപ്രദേശിലും 94 കിലോമീറ്റർ തമിഴ്‌നാട്ടിലുമാണ്.
80.2 കിലോമീറ്റർ വരുന്ന മൂന്ന് പാക്കേജുകളുടെ ജോലികൾ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. ഗുഡിപാല – വാലാജാപേട്ട് (24 കി.മീ), വാലാജാപേട്ട് – അറക്കോണം (24.5 കി.മീ), കാഞ്ചീപുരം – ശ്രീപെരുമ്പത്തൂർ (31.7 കി.മീ) എന്നിവയാണ് ഈ പാക്കേജുകൾ.
തിരിച്ചടിയായ കരാർ വീഴ്ച
അറക്കോണത്തിനും കാഞ്ചീപുരത്തിനും ഇടയിലുള്ള 25.5 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം കരാറുകാരന്റെ വീഴ്ചയെത്തുടർന്ന് 2025 മേയ് മുതൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ 54 ശതമാനം ജോലികൾ മാത്രമാണ് പൂർത്തിയായത്. വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റി പുതിയ കരാർ നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ ഭൂമി ഏറ്റെടുക്കൽ, വനം-പരിസ്ഥിതി അനുമതികൾ, വൈദ്യുതി ലൈനുകൾ മാറ്റൽ എന്നിവയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസ്സങ്ങളെല്ലാം ഇപ്പോൾ പരിഹരിച്ചിട്ടുണ്ട്. ഹൈബ്രിഡ് ആന്വിറ്റി മോഡിലാണ് പാതയുടെ നിർമ്മാണം നടക്കുന്നത്. കർണാടകയിലെ ഹോസ്കോട്ട് മുതൽ ബേത്തമംഗല വരെയുള്ള (71 കി.മീ) ഭാഗം ഇതിനകം തന്നെ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. പദ്ധതി പൂർണ്ണമായും സജ്ജമാകുന്നതോടെ ചരക്ക് നീക്കം എളുപ്പമാകുകയും ദക്ഷിണേന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്ക് വലിയ കുതിപ്പേകുകയും ചെയ്യും.