Bengaluru Rent: 2 ബിഎച്ച്കെ ഫ്ലാറ്റിന് 30 ലക്ഷം രൂപ ഡെപ്പോസിറ്റ്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ
Bengaluru Flant Rent Scam: ബെംഗളൂരുവിൽ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിന് നൽകേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് 30 ലക്ഷം രൂപ. റെഡിറ്റിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ബെംഗളൂരുവിൽ വീട്ടുവാടക നിരക്ക് കുതിച്ചുയരുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. സാധാരണക്കാർക്ക് താങ്ങാനാവാത്ത തരത്തിൽ വാടകയും സെക്യൂരിറ്റി ഡിപ്പോസിറ്റും വർധിക്കുന്നതാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. ഇതിൻ്റെ ഉദാഹരണമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലെ ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്.
ബെംഗളൂരു ഫ്രേസർ ടൗണിലെ ഒരു 2BHK ഫ്ലാറ്റിന് ഉടമ ആവശ്യപ്പെട്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 20,000 രൂപ മാസവാടക നൽകേണ്ട ഫ്ലാറ്റിന് 30 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി ആവശ്യപ്പെട്ടിരുന്നത്. ഈ പരസ്യം റെഡ്ഡിറ്റ് യൂസർ തൻ്റെ അക്കൗണ്ടിലൂടെ പങ്കുവച്ചു. ബെംഗളൂരുവിലെ വാടക ഉടമകൾ നിയന്ത്രണം വിട്ട് പോകുന്നു എന്ന തലക്കെട്ടോടെ പങ്കുവച്ച പോസ്റ്റ് വൈറലായി.
ഇതിനോട് രൂക്ഷമായാണ് മറ്റ് ഉപഭോക്താക്കളുടെ പ്രതികരണം. 30 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുന്നതിന് പകരം ഫ്ലാറ്റ് വാങ്ങി ഇഎംഐ അടച്ചാൽ മതിയല്ലോ എന്നാണ് ഒരു യൂസർ കുറിച്ചത്. ബെംഗളൂരുവിലെ വാടക ഉടമകൾ തട്ടിപ്പുകാരാണ് എന്ന് മറ്റൊരാൾ ആരോപിക്കുമ്പോൾ ഇത്ര വലിയ തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് ആഗ്രഹിക്കുന്ന ഉടമ വീട് ലീസിന് കൊടുക്കുന്നതാണ് നല്ലതെന്ന് മറ്റൊരാൾ കുറിച്ചു.
മികച്ച ഇൻ്റീരിയറുകൾ, മോഡുലാർ അടുക്കള, പവർ ബാക്കപ്പ്, കാർ പാർക്കിങ്, ഇൻഹൗസ് സെക്യൂരിറ്റി തുടങ്ങിയ സൗകര്യങ്ങൾ ഉള്ളതാണ് ഫ്ലാറ്റ്. സാധാരണ രീതിയിൽ മൂന്ന് മുതൽ 10 മാസം വരെയുള്ള വാടകത്തുക ഡെപ്പോസിറ്റായി നൽകാറുണ്ട്. എന്നാൽ, 30 ലക്ഷം രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നത് വളരെ വിചിത്രവും ചൂഷണവുമാണെന്ന് യൂസർമാർ കുറ്റപ്പെടുത്തുന്നു.