Bengaluru: ആ പ്രോജക്ട് പൂര്‍ത്തിയായാല്‍ ബെംഗളൂരുവിലെ യാത്രാ സമയം കുറയും; മൂന്നുവരി പാത തുറക്കാന്‍ ഇനി ഒരു മാസം മാത്രം
Bengaluru Major Arterial Road: ബെംഗളൂരുവിലെ എംഎആര്‍ പണികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ ഇതിന്റെ മൂന്നു വരി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തേക്കും. പുരോഗമിക്കുന്നത് തെക്കന്‍, പടിഞ്ഞാറന്‍ ബെംഗളൂരു തമ്മിലുള്ള യാത്രാസമയം കുറയ്ക്കാന്‍ സഹായിക്കുന്ന പദ്ധതി

Major Arterial Road
ബെംഗളൂരു: മഗഡി റോഡിനെ മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന ആറു വരി മേജര്‍ ആര്‍ട്ടീരിയല്‍ റോഡിന്റെ (എംഎആര്‍) പണികള്‍ പുരോഗമിക്കുന്നു. ജനുവരിയില്‍ ഇതിന്റെ മൂന്നു വരി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. നാദപ്രഭു കെമ്പെഗൗഡ ലേഔട്ടിനെ ബന്ധിപ്പിക്കുന്ന അണ്ടർപാസിന്റെ പണികളും പുരോഗമിക്കുകയാണ്.
റെയിൽവേ അധികൃതർ സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ഓടുന്ന രണ്ട് ട്രാക്കുകളിൽ ഒന്നിന് കീഴിലാണ് ഗര്‍ഡര്‍ സ്ഥാപിച്ചിരിക്കുന്നത്. ട്രെയിനുകൾക്ക് സുരക്ഷിതമായി മുകളിലൂടെ ഓടാനാകും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുഗമമായി താഴെ പുരോഗമിക്കുകയും ചെയ്യും.
രണ്ട് ട്രാക്കുകളിലും സ്റ്റീൽ ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ ‘ബോക്‌സ് പുഷിങ്’ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. നിലവിലെ വേഗതയില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനായാല്‍ മൂന്ന് വരി ജനുവരിയില്‍ തുറന്നുകൊടുക്കാനാകുമെന്നാണ് അതോറിറ്റിയുടെ പ്രതീക്ഷയെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്കായുള്ള (ബാക്കി മൂന്ന് വരി ഉള്‍പ്പെടെ) ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് റെയില്‍വേയില്‍ നിന്ന് സമയബന്ധിതമായി അനുമതി ലഭിക്കേണ്ടത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അണ്ടർപാസ് പൂർത്തിയായിക്കഴിഞ്ഞാൽ ഇടനാഴി ‘സിഗ്നല്‍ ഫ്രീ’ ആക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും.
ഈ ഭാഗം നാഷണൽ ഹൈവേ അതോറിറ്റി ഏറ്റെടുക്കും. റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ തെക്കന്‍ ബെംഗളൂരുവും, പടിഞ്ഞാറന്‍ ബെംഗളൂരുവും തമ്മിലുള്ള യാത്രാ സമയം ഒരു മണിക്കൂറില്‍ നിന്ന് 10 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം നവംബറോടെ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം ചല്ലഘട്ടയ്ക്ക് സമീപമുള്ള റെയിൽവേ അണ്ടർപാസിന്റെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതാണ് തിരിച്ചടിയായത്.
ഗർഡറുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ അനുമതി തേടേണ്ടി വന്നതും നേരിയ കാലതാമസത്തിന് ഇടയാക്കി. കാമ്പിപുര, ചല്ലഘട്ട, കെ കൃഷ്ണനഗർ, ഭീമനകുപ്പെ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ആറ് വരി പാത പദ്ധതിയിൽ ബിഡിഎ 500 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.