Namma Metro: പര്‍പ്പിള്‍ ലൈനിലെ തിരക്കൊഴിയും; കുതിക്കാനൊരുങ്ങി 17 ട്രെയിനുകള്‍
Bengaluru Namma Metro Purple Line New Trains: ചൈനയിലെ സിആര്‍ആര്‍സി കമ്പനിയുടെ കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് ട്രെയിനുകള്‍ നിര്‍മിച്ച് നല്‍കുന്നത്. 21 ട്രെയിനുകളിലായി ആരെ 126 കോച്ചുകളാണുള്ളത്.
ബെംഗളൂരു: ദിനംപ്രതി വളരുന്ന രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. എന്നാല്‍ വലിയ നഗരത്തിന്റേതായ എല്ലാ ബുദ്ധിമുട്ടുകളും ബെംഗളൂരുകാര്‍ അനുഭവിക്കുന്നു. ഗതാഗത പ്രശ്‌നമാണ് അവിടുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ബെംഗളൂരു നമ്മ മെട്രോ സേവനം പ്രയോജനപ്പെടുത്തിയാണ് പലരും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃത്യസമയത്ത് എത്തിച്ചേരുന്നത്. എന്നാല്‍ മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം നീളുന്നതും യാത്രക്കാരെ വലയ്ക്കും. ആ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍).
തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതിനായി നമ്മ മെട്രോ പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളിലേക്ക് കൂടുതല്‍ ട്രെയിനുകളെത്തുന്നു. ഗ്രീന്‍ ലൈനില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന 17 ട്രെയിനുകളാണ് പര്‍പ്പിള്‍ ലൈനിലേക്ക് വരുന്നത്. ഗ്രീന്‍ ലൈനില്‍ 21 പുതിയ ട്രെയിന്‍ സര്‍വീസുകളും ആരംഭിക്കും.
വൈറ്റ്ഫീല്‍ഡ് മുതല്‍ ചല്ലഘട്ട വരെ നീളുന്നതാണ് പര്‍പ്പിള്‍ ലൈന്‍. 43.49 കിലോമീറ്ററാണ് ഈ ലൈനിന്റെ ദൈര്‍ഘ്യം. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകുന്ന റൂട്ട് കൂടിയാണിത്. ട്രെയിനുകളുടെ കുറവുമൂലം യാത്രക്കാരുടെ പരാതി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
Also Read: Namma Mtero: ഗ്രീന്‍ ലൈന്‍ സൂപ്പറല്ലേ…പുതിയ ട്രെയിനുണ്ട്, പര്‍പ്പിള്‍ ലൈനിലും മാറ്റം
ചൈനയിലെ സിആര്‍ആര്‍സി കമ്പനിയുടെ കൊല്‍ക്കത്തയിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡാണ് ട്രെയിനുകള്‍ നിര്‍മിച്ച് നല്‍കുന്നത്. 21 ട്രെയിനുകളിലായി ആരെ 126 കോച്ചുകളാണുള്ളത്. പ്രോട്ടോടൈപ്പ് ട്രെയിനുകളില്‍ ഒന്ന് ഇതിനോടകം ബെംഗളൂരുവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ള ട്രെയിനുകള്‍ ഉടന്‍ തന്നെ വിതരണം ചെയ്യും.
പര്‍പ്പിള്‍ ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിന്‍ കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ എത്തിയിരുന്നുവെങ്കിലും, ഇതുവരെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഈ ട്രെയിന്‍ ഗ്രീന്‍ ലൈനിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഗ്രീന്‍ ലൈനിലെ ജാലഹള്ളി, മന്ത്രി സ്‌ക്വയര്‍ സമ്പിഗെ റോഡ് സ്‌റ്റേഷനുകളില്‍ ട്രയല്‍ റണ്‍ പുരോഗമിക്കുകയാണ്.