Cockroach Janta Party: ബെംഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Cockroach Janata Party Human Chain Protest: പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ ഇതുവരെ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. അനുമതി തേടിയിട്ടില്ലാത്ത സാഹചര്യത്തിൽ മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ബെംഗളൂരു: മെയ് 24ന് ബെംഗളൂരുവിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്ന് (Human Chain Protest) പ്രചരിപ്പിച്ചുകൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ (Cockroach Janata Party) പേരിൽ പോസ്റ്റർ. ടൗൺ ഹാൾ പരിസരത്ത് സമാധാനത്തോടെയുള്ള മനുഷ്യച്ചങ്ങല നടത്തുമെന്നാണ് കോക്രോച്ച് ജനതാ പാർട്ടി കർണാടക എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ ബെംഗളൂരു പോലീസ് കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
പരിപാടി നടത്താൻ വ്യക്തിയോ സംഘടനയോ രാഷ്ട്രീയ പാർട്ടിയോ ഇതുവരെ അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും വേദി ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടില്ലെന്നും പോലീസ് മുന്നറിയിപ്പിൽ പറയുന്നു. അനുമതി തേടിയിട്ടില്ലാത്ത സാഹചര്യത്തിൽ മനുഷ്യച്ചങ്ങലയുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ പങ്കിടരുതെന്നും ടൗൺ ഹാളിന് സമീപം ഒത്തുകൂടരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. കന്നട ഭാഷയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആഹ്വാനത്തിന് പുറമെ പാറ്റകളുടെ ശക്തി സമൂഹ മാധ്യമങ്ങളിൽ മാത്രമല്ലെന്നും തെരുവുകളിലുമുണ്ടെന്നും പോസ്റ്ററിൽ പറയുന്നു.
ALSO READ: 3 ദിവസം, ലക്ഷങ്ങൾ കടന്ന് അംഗങ്ങൾ; യുവാക്കൾക്കിടയിൽ തരംഗമായി ‘കോക്രോച്ച് ജനത പാർട്ടി’
കർണാടക ഹൈക്കോടതി ഉത്തരവ് അനുസരിച്ച്, ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധങ്ങൾ, ധർണകൾ, റാലികൾ എന്നിവ അനുവദിക്കൂ എന്നും മറ്റ് പൊതു സ്ഥലങ്ങളിൽ അനുവദിക്കരുതെന്നും പോലീസ് പറഞ്ഞു. ഉത്തരവ് ലംഘിച്ച് ടൗൺ ഹാളിന് സമീപം ഒത്തുകൂടുന്നത് കോടതി നിർദ്ദേശങ്ങളുടെ ലംഘനമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിഞ്ഞോ അറിയാതെയോ ഈ സന്ദേശം പ്രചരിപ്പിക്കരുതെന്നും സ്ഥലത്ത് ആളുകൾ ഒത്തുകൂടരുതെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
എന്താണ് കോക്രോച്ച് ജനതാ പാർട്ടി?
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിസ് ഓഫ് ഇന്ത്യ സൂര്യ കാന്തിൻ്റെ പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിച്ചത്. എന്നാൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ സിജെപി ഒരു ഡിജിറ്റൽ വിപ്ലവമായി മാറിയിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ഇൻസ്റ്റയിൽ 1.85 കോടി ഫോളോവർമാരെ നേടി ബിജെപിയുടേയും കോൺഗ്രസിന്റേയും ഔദ്യോഗിക പേജുകളെ സിജെപി മറികടന്നിരിക്കുകയാണ്. പുണെ സ്വദേശി അഭിജീത് ദീപ്കെ(30)യാണ് എക്സിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ പേജ് തുടങ്ങിയത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെ ട്രോളുന്ന പ്ലാറ്റ്‌ഫോം എന്ന നിലയിലായിരുന്നു തുടക്കം.
രാജ്യസുരക്ഷയ്ക്ക് ഭീഷണി
അതിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി ഉയർന്നിരുന്നു. നീക്കം അവസാനിപ്പിച്ചില്ലെങ്കിൽ വകവരുത്തുമെന്ന ഭീഷണി സന്ദേശങ്ങൾ ദീപ്കേ സാമൂഹികമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ ദീപ്കേയുടെ രക്ഷിതാക്കൾ ആശങ്ക അറിയിച്ച് രംഗത്തെത്തി.
പാർട്ടി രൂപീകരിച്ച ശേഷം ഫോണിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണി സന്ദേശങ്ങളെത്തുന്നുവെന്നാണ് അഭിജിത് പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നത്. അതേസമയം, കോക്രോച്ച് ജനതാ പാർട്ടി എന്ന പേരിൽ തുടങ്ങിയ ആക്ഷേപ ഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നാണ് രഹസ്യാന്വേഷണ വിഭാഗം കേന്ദ്രസർക്കാരിനെ അറിയിച്ചിരിക്കുന്നത്. അരാജകത്വം കൊണ്ട് ജനാധിപത്യത്തെ തകർക്കാനാവില്ലെന്ന് ബിജെപി പ്രതികരിച്ചു.
English Summary:
Bengaluru Police on Friday cautioned people against gathering near Town Hall for a proposed human chain protest after a viral poster claiming to be from Cockroach Janata Party Karnataka began doing the rounds on social media.