Bengaluru Namma Metro: കാത്തിരിപ്പ് സമയം കുറയും, ട്രെയിന്‍ പാഞ്ഞെത്തും; ബെംഗളൂരുവിലെ നമ്മ മെട്രോ യാത്രക്കാര്‍ക്ക് കോളടിച്ചു
Bengaluru’s Yellow Line metro gets December upgrade: ബെംഗളൂരുവില്‍ നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് കാത്തിരിപ്പ് സമയം കുറയുന്നു. പുതിയ സര്‍വീസ് ഡിസംബര്‍ 22-ഓടെ ആരംഭിച്ചേക്കും
ബെംഗളൂരു: ബെംഗളൂരുവില്‍ നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്രക്കാര്‍ക്ക് ഇനി പഴയതുപോലെ ട്രെയിനിന് വേണ്ടി കാത്തിരിക്കേണ്ട. യെല്ലോ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിനായി ക്രിസ്മസിന് തൊട്ടുമുമ്പ് ബിഎംആർസിഎൽ പുതിയ ട്രെയിൻ സർവീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് വിവരം. ഡിസംബര്‍ 22 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് നീക്കം. അതുകൊണ്ട് ഡിസംബര്‍ 22 മുതല്‍ കാത്തിരിപ്പ് സമയം കുറയുമെന്നാണ് പ്രതീക്ഷ. തിരക്കേറിയ സമയങ്ങളില്‍ ഇത് ആശ്വാസകരമാണെങ്കിലും, രാവിലെ ആറു മണിക്ക് മുമ്പ് സര്‍വീസുകള്‍ ആരംഭിക്കാന്‍ കോര്‍പ്പറേഷന് പദ്ധതിയില്ല.
പുതിയ ട്രെയിന്‍ എത്തുന്നതോടെ ഓരോ 12 മിനിറ്റിലും സര്‍വീസുകള്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നത്. നവംബര്‍ അവസാന വാരത്തിലാണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) പുതിയ ട്രെയിന്‍ എത്തിച്ചത്.
Also Read: Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു
ചൈനീസ് കമ്പനിയായ സിആർആർസി നാൻജിംഗ് പുഷെനുമായുള്ള ഉപകരാർ പ്രകാരം ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് കോച്ചുകൾ നിർമ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് മെയിന്‍ലൈനില്‍ 750 കി.മീ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സിഗ്നലിങ് സംവിധാനവും പരിശോധനകള്‍ക്ക് വിധേയമാകും.
അടിയന്തര സാഹചര്യങ്ങളിൽ കുറഞ്ഞത് ഒരു ട്രെയിനെങ്കിലും ‘സ്റ്റാൻഡ്‌ബൈ യൂണിറ്റാ’യി നിലനിർത്തുമെന്നാണ് സൂചന. ട്രെയിനുകള്‍ക്കിടയിലുള്ള നീണ്ട ഇടവേളകള്‍ യാത്രക്കാരില്‍ അതൃപ്തിയുണ്ടാക്കിയിരുന്നു. നിലവില്‍ ഏകദേശം 15 മിനിറ്റാണ് കാത്തിരിപ്പ് സമയം. പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ ഈ ദൈര്‍ഘ്യം കുറയുമെന്നത് ആശ്വാസകരമാണ്.