Bhavnagar Bride Death: സാരിയെ ചൊല്ലി തർക്കം; വിവാഹത്തിന് മണിക്കൂറുകൾ മാത്രം, വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ
Bhavnagar Bride Death Before Function: വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളൊക്കെ ഏകദേശം പൂർത്തിയാകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പ്രധാന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുവതിയെ കൊലപ്പെടുത്തിയത്.
അഹമ്മദാബാദ്: വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ വധുവിനെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ. കല്ല്യാണത്തിനുള്ള സാരിയെയും പണത്തെയും ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് നാടിനെ സംഭവം നടന്നിരിക്കുന്നത്. സോണി ഹിമ്മത് റഥോഡ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സജൻ ബറയ്യയെന്ന പ്രതിശ്രുത വരനാണ് യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും പോലീസ് പറയുന്നു. തുടർന്നാണ് വിവാഹിതരാകാൻ തീരുമാനിച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളൊക്കെ ഏകദേശം പൂർത്തിയാകുകയും ചെയ്തിരുന്നു. പിന്നീടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. പ്രധാന ചടങ്ങ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുവതിയെ കൊലപ്പെടുത്തിയത്.
Also Read: വിവാഹം നടക്കാന്‍ പ്രത്യേക പൂജ; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊലപ്പെടുത്തി സ്ത്രീകള്‍
വിവാഹത്തിന് ധരിക്കേണ്ട സാരിയെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സാരി വാങ്ങാൻ ചെലവിട്ട പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ആ ദേഷ്യത്തിൽ സജൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തതാണ് മരണത്തിന് കാരണമായത്. യുവതി മരിച്ചെന്ന് മനസ്സിലാക്കിയ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ശനിയാഴ്ച സജൻ അയൽവാസിയുമായും വഴക്കുണ്ടാക്കിയിരുന്നതായും പരാതിയുണ്ട്. ഇയാൾക്കെതിരെ അയൽവാസി പോലീസിൽ പരാതിയും നൽകിയിരുന്നു. പ്രതിയെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.