Train travel experience: ഇതാ ഒരു ഇന്ത്യൻ റെയിൽവേ അനുഭവം… സോഷ്യൽ മീഡിയയിൽ വൈറലായി യാത്രക്കാരന്റെ കുറിപ്പ്
Indian Railways Passenger's Note Goes Viral : ചെരിപ്പില്ലാതെ സ്റ്റേഷനിലേക്ക് നടക്കേണ്ടി വന്ന അവസ്ഥ തനിക്ക് ദേഷ്യവും അതേസമയം രസകരവുമായി തോന്നി എന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.
ബംഗളൂരു: ഇന്ത്യൻ റെയിൽവേയിലെ സെക്കൻഡ് എസി കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളുടെ ചെരിപ്പ് മോഷണം പോയ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാടലീപുത്രയിൽ നിന്ന് ബംഗളൂരുവിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് റെഡ്ഡിറ്റിലെ ‘ഇന്ത്യൻ റെയിൽവേസ്’ സബ്‌റെഡിറ്റിൽ തൻ്റെ ദുരനുഭവം പങ്കുവെച്ചത്.
“ആളുകൾക്ക് സെക്കൻഡ് എസി ടിക്കറ്റ് എടുക്കാൻ കഴിയും, എന്നിട്ടും ചെരിപ്പ് മോഷ്ടിക്കും. ഇന്ത്യൻ റെയിൽവേ അനുഭവം,” എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. “ഇന്ന് രാവിലെ ഉണർന്നപ്പോൾ എൻ്റെ ചെരിപ്പ് കാണാനില്ല. ആരെങ്കിലും അറിയാതെ എടുത്തുകൊണ്ടുപോയതാണോ അതോ ശരിക്കും മോഷ്ടിച്ചതാണോ എന്ന് ഉറപ്പില്ല. പക്ഷേ, 2,000 രൂപ വിലയുള്ള ചെരിപ്പ് സെക്കൻഡ് എസി ടിക്കറ്റെടുക്കാൻ കഴിവുള്ള ഒരാൾക്ക് മോഷ്ടിക്കാൻ തോന്നിയല്ലോ,” അദ്ദേഹം കുറിച്ചു.
ചെരിപ്പില്ലാതെ സ്റ്റേഷനിലേക്ക് നടക്കേണ്ടി വന്ന അവസ്ഥ തനിക്ക് ദേഷ്യവും അതേസമയം രസകരവുമായി തോന്നി എന്നും യാത്രക്കാരൻ കൂട്ടിച്ചേർത്തു.
Also Read: ആദ്യം പ്രായമാകുന്നത് ചെവിയ്ക്കോ? കേൾവി സംരക്ഷിക്കാൻ ചില ടിപ്സ് ഇതാ …
സമാന അനുഭവങ്ങളുമായി യാത്രക്കാർ
ഈ പോസ്റ്റ് വൈറലായതോടെ നിരവധി പേർ തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. “തേജസ് എക്സ്പ്രസിൻ്റെ ആദ്യ ഓട്ടത്തിൽ തന്നെ ആളുകൾ ഹെഡ്‌ഫോണുകൾ മോഷ്ടിച്ചു,” എന്ന് ഒരു ഉപയോക്താവ് കമൻ്റ് ചെയ്തു. “അതുപോലെ, ആളുകൾ റെയിൽവേയുടെ ബെഡ്ഷീറ്റുകളും പുതപ്പുകളും മോഷ്ടിക്കാറുണ്ട്,” എന്നും ചിലർ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ശൈലിയിലുള്ള ടോയ്‌ലറ്റുകളിൽ ലോഹ മഗ്ഗുകൾ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നതിൻ്റെ കാരണം ഇതാണെന്നും ചിലർ ചൂണ്ടിക്കാട്ടി.
നേരത്തെ, ഡൽഹി-ഒഡീഷ പുരുഷോത്തം എക്‌സ്‌പ്രസിലെ ഫസ്റ്റ് എസി യാത്രക്കാർ റെയിൽവേ നൽകിയ ബെഡ്ഷീറ്റുകളും ടവ്വലുകളും മോഷ്ടിച്ച് കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടതിൻ്റെ വീഡിയോയും വലിയ ചർച്ചയായിരുന്നു.