AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bihar Election 2025: എന്‍ഡിഎയില്‍ തര്‍ക്കങ്ങളില്ലെന്ന് ബിജെപി, സീറ്റ് വിഭജനത്തില്‍ ധാരണ?

Bihar Election 2025 NDA seat sharing: എന്‍ഡിഎ ഘടകക്ഷികള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബിജെപി ബിഹാര്‍ അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ നിഷേധിച്ചു. സീറ്റ് വിഭജനത്തെക്കുറിച്ചും, സ്ഥാനാര്‍ത്ഥിപ്പട്ടികയെക്കുറിച്ചും ഉടന്‍ തീരുമാനമാകും. ഞായറാഴ്ച രാവിലെ 11 മണിക്ക് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും ജയ്‌സ്വാള്‍

Bihar Election 2025: എന്‍ഡിഎയില്‍ തര്‍ക്കങ്ങളില്ലെന്ന് ബിജെപി, സീറ്റ് വിഭജനത്തില്‍ ധാരണ?
ബിഹാറില്‍ ബിജെപിയുടെ യോഗം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Oct 2025 | 06:39 AM

പട്‌ന: ബിഹാറില്‍ എന്‍ഡിഎയുടെ സീറ്റ് വിഭജനത്തെക്കുറിച്ച് ഇന്ന് തീരുമാനമാകും. പാര്‍ട്ടി നേതൃത്വം ഞായറാഴ്ച സുപ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ പറഞ്ഞു. എന്‍ഡിഎ ഘടകക്ഷികള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. എന്‍ഡിഎയില്‍ എല്ലാം കൃത്യമായി പോകുന്നു. സീറ്റ് വിഭജനത്തെക്കുറിച്ചും, സ്ഥാനാര്‍ത്ഥിപ്പട്ടികയെക്കുറിച്ചും ഉടന്‍ തീരുമാനമാകും. ഞായറാഴ്ച രാവിലെ 11 മണിക്ക് ഇതുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പട്‌നയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസം തിരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിരുന്നു. സീറ്റ് വിഭജന പ്രശ്‌നം പരിഹരിച്ചു. 2020ല്‍ വിജയിക്കാന്‍ കഴിയാത്ത സീറ്റുകളെക്കുറിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഈ പട്ടിക ഡല്‍ഹിയില്‍ ചര്‍ച്ച ചെയ്യും. അത് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക്‌ മുന്നില്‍ അവതരിപ്പിക്കും. കേന്ദ്ര നേതൃത്വം സീറ്റ് വിഭജനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും ദിലീപ് ജയ്‌സ്വാള്‍ വ്യക്തമാക്കി.

സീറ്റ് വിഭജനത്തില്‍ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്‍ അതൃപ്തനാണെന്ന അഭ്യൂഹങ്ങളും ദിലീപ് ജയ്‌സ്വാള്‍ തള്ളിക്കളഞ്ഞു. ശക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, മുന്നണി ഐക്യത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി അവശേഷിക്കുന്നത്. പലരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ബിഹാര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി; ആദ്യ ഘട്ടം നവംബര്‍ ആറിന്‌

ബിജെപി 101 സീറ്റുകളിലും, ജെഡിയു 102 എണ്ണത്തിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികളായ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്), രാഷ്ട്രീയ ലോക് മോര്‍ച്ച, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവയ്ക്കിടയില്‍ വിതരണം ചെയ്യും. ആകെ 243 നിയമസഭ സീറ്റുകളാണ് ബിഹാറിലുള്ളത്. മഹാസഖ്യവും സീറ്റ് വിഭജനത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

എന്‍ഡിഎ സഖ്യകക്ഷികള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച 15 സീറ്റുകള്‍ ആവശ്യപ്പെട്ടതായും, എന്നാല്‍ 7-8 സീറ്റുകള്‍ മാത്രമാകും പാര്‍ട്ടി ലഭിക്കുകയുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മാഞ്ചി അതൃപ്തനാണെന്നാണ് അഭ്യൂഹം. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിയും (റാം വിലാസ്) അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.