Bihar Election 2025: പോരാട്ടച്ചൂടിൽ ബീഹാർ: തേജസ്വി യാദവ് ഇന്ത്യ സംഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
Bihar Election 2025: ഇക്കാര്യത്തിൽ കോൺഗ്രസ് താല്പര്യക്കേട് അറിയിച്ചെങ്കിലും പിന്നീട് നിതീഷ് സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനായി ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു കോൺഗ്രസും.
പാറ്റ്ന: പോരാട്ട ചൂടിൽ ബീഹാർ. ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. വിഐപി നേതാവ് മുകേഷ് സാഹ്നിയാണ് ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥി. സീറ്റ് വിഭജന തർക്കങ്ങൾക്കിടെ അതെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകിയാണ് ഇന്ത്യാ സഖ്യം വാർത്താസമ്മേളനം നടത്തിയത്. അതേസമയം ഇന്ത്യാ സഖ്യത്തിലെ പുകച്ചിൽ ഉയർത്തിപ്പിടിച്ചാണ് എൻഡിഎ പ്രചാരണം നടത്തുന്നത്.
എഐസിസി നിരീക്ഷകൻ അശോക് ഗെലോട്ടാണ് ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സീറ്റ് വിഭജനം ഉണ്ടാക്കിയ ക്ഷീണം തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി മറികടക്കുകയാണ് ഇന്ത്യ മുന്നണി. ഇക്കാര്യത്തിൽ കോൺഗ്രസ് താല്പര്യക്കേട് അറിയിച്ചെങ്കിലും പിന്നീട് നിതീഷ് സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തിനായി ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു കോൺഗ്രസും.
അതിനിടെ എൻഡിഎയെ വെല്ലുവിളിച്ച് തേജസ്വി യാദവ് രംഗത്ത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് എൻഡിഎ വ്യക്തമാക്കണമെന്നാണ് ആവശ്യം. വരും ദിവസങ്ങളിൽ രാഹുൽഗാന്ധിയും തേജസ്വിയും ഒന്നിച്ച് ബീഹാറിൽ പ്രചാരണത്തിന് ഇറങ്ങും. പതിനൊന്നോളം മണ്ഡലങ്ങളിലാണ് ഇന്ത്യ പാർട്ടികൾ പരസ്പരം മത്സരം നടത്തുക. അതിനിടയിൽ വാർത്താസമ്മേളന വേദിയിൽ രാഹുൽ ഗാന്ധിയെ ഒഴിവാക്കി തേജസ യാദവിന്റെ ചിത്രം മാത്രം സ്ഥാപിച്ചത് ശരിയായില്ല എന്ന ആരോപണം ഉയരുന്നുണ്ട്. ഇന്ത്യാ സഖ്യത്തിന് ബീഹാറിൽ വോട്ട് ഉറപ്പിക്കണമെങ്കിൽ രാഹുൽഗാന്ധി തന്നെ വേണമെന്നും പപ്പു യാദവ് എംപി തുറന്നടിച്ചു. എന്നാൽ ഇതൊന്നും ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമില്ല എന്നാണ് ദേശീയ നേതാക്കൾ സ്വീകരിച്ച നിലപാട്.