Rahul Gandhi: തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ ലോക്സഭാംഗത്വം രാജിവെയ്ക്കൂ; രാഹുൽ ഗാന്ധിയോട് ബിജെപി
BJP Urges Rahul Gandhi To Resign: രാഹുൽ ഗാന്ധിയോട് ലോക്സഭാംഗത്വം രാജിവെയ്ക്കാൻ ആവശ്യപ്പെട്ട് ബിജെപി. രാഹുൽ ഗാന്ധി ഉയർത്തിയ കള്ളവോട്ട് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഗൗരവ്.

ഗൗരവ് ഭാട്ടിയ
തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി ലോക്സഭാംഗത്വം രാജിവെയ്ക്കൂ എന്ന് ബിജെപി. ധാർമ്മികത പരിഗണിച്ച് ലോക്സഭാംഗത്വം രാജിവെക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയാണ് ആവശ്യപ്പെട്ടത്. രാഹുൽ ഗാന്ധി ഉയർത്തിയ കള്ളവോട്ട് ആരോപണത്തോട് സംസാരിക്കുകയായിരുന്നു ഗൗരവ്.
തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന പ്രിയങ്ക ഗാന്ധിയും സോണിയ ഗാന്ധിയും യഥാക്രമം ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും രാജിവെയ്ക്കണം. തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെയും വിശ്വാസമില്ലെങ്കിൽ രാഹുൽ ഗാന്ധി ആദ്യം ലോക്സഭാംഗത്വം രാജിവെയ്ക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം തെളിവ് നൽകാൻ അദ്ദേഹം വിസമ്മതിച്ചു എന്നും ഗൗരവ് ഭാട്ടിയ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സത്യസന്ധതയിൽ യാതൊരു സംശയവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുള്ളതായി ഗൗരവ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയില്‍ കോൺഗ്രസ് നേതാക്കൾക്ക് വിശ്വാസമില്ലാത്തതിനാൽ കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയെക്കുറിച്ച് നിർണായക വിവരങ്ങളാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിലൂടെ രാഹുൽ ഗാന്ധി പുറത്ത് വിട്ടത്. ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തില്ലടക്കം വന്‍തോതില്‍ വോട്ട് മോഷണം നടന്നുവെന്ന് രാഹുൽ തെളിവുകളടക്കം നിരത്തി ആരോപിച്ചിരുന്നു. ഇരട്ട വോട്ടര്‍മാരും വ്യാജ മേല്‍വിലാസമുള്ള വോട്ടര്‍മാരും ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ വോട്ട് മോഷണത്തിനായി ഉപയോഗിച്ചു. ഒരു വിലാസത്തില്‍ തന്നെ നിരവധി വോട്ടര്‍മാര്‍ ഉണ്ടായിരുന്നു എന്നും രാഹുൽ ആരോപിച്ചിരുന്നു. പരാതിയുണ്ടെങ്കില്‍ രേഖാമൂലം തെളിവുനൽകണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചു.