Chhattisgarh Nuns Arrest: ഒമ്പത് ദിവസമായി ജയിലിൽ, കന്യാസ്ത്രീകളുടെ ജാമ്യഹർജിയിൽ വിധി ഇന്ന്
Chhattisgarh Nuns Arrest: മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധി പറയും. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ഒമ്പത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ തുടരുകയാണ്.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ഛത്തീസ്ഗഢ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. എന്നാൽ കന്യാസ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ വ്യക്തമാക്കി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഇന്നലെ പൊലീസിനോട് കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു.
ALSO READ: ജാമ്യത്തിനായി കന്യാസ്ത്രീകൾ ഇന്ന് ഹൈക്കോടതിയിലേക്ക്, നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികൾ
മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു കന്യാസ്ത്രീകൾക്കു വേണ്ടി ഹാജരായ അഭിഭാഷകനും മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ അമൃതോ ദാസ് വാദിച്ചത്. ജോലിക്ക് കൊണ്ടുപോയതിന് പൂർണമായ രേഖകൾ ഉണ്ട്. പെൺകുട്ടികളുടെ സമ്മത പ്രകാരമാണ് ജോലിക്ക് കൊണ്ടുപോയത്. അതിനാൽ അടിസ്ഥാനം ഇല്ലാത്ത കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് അഭിഭാഷകൻ അമൃതോ ദാസ് അറിയിച്ചു.
അതേസമയം, ജാമ്യം കിട്ടിയാലും എഫ്ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ജ്യാമഹർജിയെ പ്രോസിക്യൂഷൻ എതിർത്തത് ചതിയാണെന്നും പ്രതിപക്ഷ എംപിമാർ പ്രതികരിച്ചു. എന്നാൽ, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്നും പ്രോസിക്യൂഷന്‍ ഇടപെടല്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് ഛത്തീസ്ഗഡിൽ പറഞ്ഞു. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസിയുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.