Bengaluru: ചിക്കൻ കഴിക്കാൻ പൊന്ന് വില കൊടുക്കണം; ബെംഗളൂരുവിൽ വിലക്കയറ്റം രൂക്ഷം
Chicken Price In Bengaluru: ബെംഗളൂരുവിൽ ചിക്കൻ വില 350 രൂപയിൽ. തമിഴ്നാട്ടിലെ ഫാമുകളിലുള്ള പ്രതിഷേധ സമരമാണ് കാരണം.

ഇറച്ചിക്കോഴി
ബെംഗളൂരുവിൽ ചിക്കൻ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വില ഉയർന്ന ചിക്കൻ ഇപ്പോൾ വിൽക്കുന്നത് കിലോഗ്രാമിന് 340 മുതൽ 350 രൂപ വരെ വിലയിലാണ്. ഡിസംബർ മാസത്തിൽ ചിക്കൻ്റെ വില കിലോഗ്രാമിന് 260 മുതൽ 280 രൂപ വരെയായിരുന്നു. അതാണ് ഒരു മാസത്തിനുള്ളിൽ 100 രൂപ വരെ വർധിച്ചത്.
നിലവിൽ ബെംഗളൂരുവിൽ തൊലിയില്ലാത്ത ചിക്കൻ്റെ വില 340 മുതൽ 350 രൂപ വരെയാണ്. ഈ പതിവ് തുടർന്നാൽ ഈ മാസം തന്നെ വില 380 രൂപ വരെ ഉയർന്നേക്കാമെന്നാണ് കണക്കുകൂട്ടൽ. തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കർണാടകയിലേക്ക് പ്രധാനമായും ചിക്കൻ എത്തുന്നത്. ഇവിടെയുള്ള ഫാമുകളിൽ നടക്കുന്ന പ്രതിഷേധമാണ് ചിക്കൻ വില ഉയരാൻ കാരണം.
കോഴികൾക്ക് കമ്പനികൾ ഉയർന്ന വിലനൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം നടക്കുന്നത്. ഭക്ഷണം, വൈദ്യുതി, തൊഴിലാളികളുടെ ശമ്പളം, ഗതാഗതം തുടങ്ങി എല്ലാത്തിനും ചിലവ് വർധിച്ചു എന്ന് ഫാം ഉടമകൾ പറയുന്നു. നടത്തിപ്പ് ചിലവും വർധിച്ചു. അതുകൊണ്ട് തന്നെ ഇപ്പോൾ ലഭിക്കുന്ന തുക മതിയാവില്ലെന്നും തുക വർധിപ്പിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ചിക്കൻ ഉത്പാദനം കുറയുകയും ചെയ്തു. ഇത് ചിക്കൻ ലഭ്യത കുറച്ചതിനാൽ ആവശ്യക്കാർ വർധിക്കുകയും വില കൂടുകയുമായിരുന്നു.
ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള ചിക്കനാണ് വിപണിയിലെത്തുന്നത്. ചിക്കൻ വില വർധിച്ചതോടെ നോൺ വെജിറ്റേറിയൻ ഹോട്ടലുകളിൽ ഭക്ഷണങ്ങളുടെ വില വർധിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. എത്രയും വേഗം പ്രതിഷേധങ്ങൾ അവസാനിച്ചില്ലെങ്കിൽ വില വർധന തുടരുമെന്നതാണ് കണക്കുകൂട്ടൽ.