Childrens Day 2025: കുട്ടികളെ സ്നേഹിച്ച ചാച്ചാജിയെ ഓർമ്മിച്ച് രാജ്യം; ഇന്ന് ശിശുദിനം
Celebrating Childrens Day 2025: ഇന്ന് രാജ്യം ശിശുദിനം ആഘോഷിക്കുകയാണ്. പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിലാണ് ശിശുദിനം.
ഇന്ന് ശിശുദിനം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനത്തിലാണ് രാജ്യം ശിശുദിനം ആഘോഷിക്കുന്നത്. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിൻ്റെ അദ്ദേഹത്തോടുള്ള ആദരവായാണ് നവംബർ 14ന് ശിശുദിനം ആഘോഷിക്കാൻ രാജ്യം തീരുമാനിച്ചത്.
ആഗോളതലത്തിൽ ശിശുദിനം ആഘോഷിക്കുന്നത് നവംബർ 20നാണ്. ഇന്ത്യയിലും ഇതേ ദിവസം തന്നെയാണ് മുൻപ് ശിശുദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ന് ശേഷം രാജ്യത്തെ ശിശുദിനാഘോഷം നവംബർ 14ലേക്ക് മാറ്റി. കാരണം, അക്കൊല്ലമാണ് ജവഹർലാൽ നെഹ്റു മരണപ്പെട്ടത്. ഇതോടെ നെഹ്റുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ ജന്മദിനമായ നവംബർ 14ന് ശിശുദിനം ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
കുട്ടികളെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരാളായിരുന്നു നെഹ്റു. രാഷ്ട്രത്തിൻ്റെ ഭാവി കുട്ടികളിലാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അവർക്ക് മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട അവസരങ്ങളും ഒരുക്കിയെങ്കിൽ മാത്രമേ ഇന്ത്യക്ക് ശക്തമായ ഒരു രാജ്യമായി വളരാൻ സാധിക്കൂ എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
ചാച്ചാ അഥവാ അമ്മാവൻ എന്നാണ് നെഹ്റു അറിയപ്പെട്ടിരുന്നത്. ഇത് കുട്ടികളോടുള്ള അദ്ദേഹത്തിൻ്റെ സ്നേഹം കാരണമാണ്. വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും അവരെ ഒരുപാട് സ്നേഹിച്ച അദ്ദേഹം കുട്ടികളെ എവിടെവച്ച് കണ്ടാലും അവരോട് സംസാരിക്കാനും ഇടപഴകാനും സമയം കണ്ടെത്തിയിരുന്നു.
കുട്ടികളുടെ അവകാശങ്ങളെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്. വിദ്യാഭ്യാസം, സംരക്ഷണം, സ്നേഹം എന്നിവ ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യമാണ് ഓരോ ശിശുദിനങ്ങളും ഓർമ്മിപ്പിക്കുന്നത്. ശിശുദിനത്തിൽ സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികൾക്കായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. സ്കൂളുകളിൽ ശിശുദിനാഘോഷവും നടക്കും.