CNG PNG price: ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയും
CNG and Domestic PNG Prices : പുതുക്കിയ ഏകീകൃത നികുതി ഘടന നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 2 മുതൽ 3 രൂപ വരെ ലാഭമുണ്ടാകും. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക നികുതികൾക്ക് അനുസൃതമായി വിലക്കുറവിൽ നേരിയ മാറ്റമുണ്ടാകാം.
ന്യൂഡൽഹി: പുതുവർഷത്തിൽ രാജ്യത്തെ സിഎൻജി, പിഎൻജി ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ ആശ്വാസം. 2026 ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക ആവശ്യങ്ങൾക്കുള്ള പിഎൻജിയുടെയും വില കുറയുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് (PNGRB) അറിയിച്ചു. നികുതി ഘടനയിൽ വരുത്തിയ സുപ്രധാനമായ പുനഃക്രമീകരണമാണ് വില കുറയാൻ കാരണമാകുന്നത്.
യൂണിറ്റിന് 2-3 രൂപ വരെ ലാഭം
പുതുക്കിയ ഏകീകൃത നികുതി ഘടന നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 2 മുതൽ 3 രൂപ വരെ ലാഭമുണ്ടാകും. ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക നികുതികൾക്ക് അനുസൃതമായി വിലക്കുറവിൽ നേരിയ മാറ്റമുണ്ടാകാം.
നിലവിൽ ദൂരത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സോണുകളായി തിരിച്ചിരുന്ന നികുതി ഘടന ഇനി മുതൽ രണ്ട് സോണുകളായി ചുരുങ്ങും. 200 കി.മീ വരെ 42 രൂപ, 300-1200 കി.മീ വരെ 80 രൂപ, 1200 കി.മീറ്ററിന് മുകളിൽ 107 രൂപ എന്നിങ്ങനെയായിരുന്നു നികുതി. പുതിയ സോൺ-1 നിരക്ക് 54 രൂപയായി ഏകീകരിച്ചു. നേരത്തെ 80 രൂപയും 107 രൂപയും നികുതി നൽകിയിരുന്ന ദൂരപ്രദേശങ്ങളിലുള്ളവർക്ക് പുതിയ നിരക്ക് വലിയ ആശ്വാസമാകും.
നേട്ടം ലക്ഷക്കണക്കിന് ആളുകൾക്ക്
ഇന്ത്യയിൽ പ്രവർത്തിക്കുന്ന 40 നഗര വാതക വിതരണക്കമ്പനികൾക്ക് കീഴിലുള്ള 312 പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. വാഹന ഉടമകൾക്കും (CNG), വീടുകളിൽ പൈപ്പ് വഴി പാചകവാതകം ഉപയോഗിക്കുന്നവർക്കും (PNG) ഇത് ഗുണകരമാണ്.
വാതക വിതരണ ശൃംഖല രാജ്യവ്യാപകമായി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലൈസൻസ് നടപടികൾ വേഗത്തിലാക്കാനും സംസ്ഥാന സർക്കാരുകളുമായി ചേർന്ന് മൂല്യവർധിത നികുതി (VAT) കുറയ്ക്കാനുമുള്ള നടപടികൾ പിഎൻജിആർബി സ്വീകരിച്ചുവരികയാണെന്ന് ബോർഡ് അംഗം എ.കെ. തിവാരി വ്യക്തമാക്കി.