Covid In India: രാജ്യത്ത് 6,000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 6 മരണം
India's Active Covid-19 Cases Rise to 6133: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിൽ 2, കേരളത്തിൽ 3, തമിഴ്നാട് 1 എന്നിങ്ങനെ ആണ് മരണ നിരക്കുകൾ.

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 769 പുതിയ കേസുകളാണ്. ഇതോടെ ഞായറാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 6,133 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിൽ 2, കേരളത്തിൽ 3, തമിഴ്നാട് 1 എന്നിങ്ങനെ ആണ് മരണ നിരക്കുകൾ.
ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. നിലവിൽ 1950 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ, ഗുജറാത്ത്, വെസ്റ്റ് ബംഗാൾ, ഡൽഹി, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്.
ഒമിക്രോൺ വിഭാഗത്തിലെ ഒമിക്രോൺ ജെഎൻ 1 വകഭേദമായ എൽഎഫ് 7 ആണ് നിലവിൽ വ്യാപിക്കുന്നത്. അപകടകാരി അല്ലെങ്കിലും ഇതിന് വ്യാപനശേഷി കൂടുതലാണ്. ലോകാരോഗ്യസംഘടന ഇതിനെ ശ്രദ്ധാപൂർവം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈന ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നതിന് പിന്നിൽ ഈ വകഭേദങ്ങളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ALSO READ: ലൈംഗികാതിക്രമം? സ്യൂട്ട്‌കേസിനുള്ളിലാക്കി ഒമ്പത് വയസുകാരിയുടെ മൃതദേഹം ഉപേക്ഷിച്ചു
പ്രായം കൂടിയവർ, പ്രമേഹം, അമിതരക്തസമ്മർദ്ദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗങ്ങൾ എന്നിവ ഉള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. കോവിഡ് കേസുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴിക്കുന്നത് നല്ലതാണ്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.